Kerala
അമ്പലപ്പുഴ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ വീഴ്ച: സുധാകരനെതിരെ സിപിഎം അന്വേഷണം
Kerala

അമ്പലപ്പുഴ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലെ വീഴ്ച: സുധാകരനെതിരെ സിപിഎം അന്വേഷണം

Web Desk
|
9 July 2021 3:43 PM GMT

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻമന്ത്രി ജി സുധാകരനെതിരെ സിപിഎം അന്വേഷണത്തിനൊരുങ്ങുന്നു. സംസ്ഥാന സമിതിയില്‍നിന്ന് സുധാകരന്‍ വിട്ടുനിന്നു

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയിൽ മുൻമന്ത്രി ജി സുധാകരനെതിരെ സിപിഎം അന്വേഷണത്തിനൊരുങ്ങുന്നു. ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സുധാകരനെതിരെ രൂക്ഷവിമർശനമാണുയര്‍ന്നത്. യോഗത്തില്‍നിന്ന് സുധാകരന്‍ വിട്ടുനിന്നു. അമ്പലപ്പുഴയ്ക്കു പുറമെ പാല, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയും അന്വേഷിച്ചേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണ വീഴ്ചയിലാണ് സിപിഎം സംസ്ഥാനതല അന്വേഷണത്തിനൊരുങ്ങുന്നത്. അമ്പലപ്പുഴയിൽ വിജയിച്ചെങ്കിലും പ്രചാരണരംഗത്ത് വീഴ്ചയുണ്ടായെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന പൊതുവികാരം. അത് ജി സുധാകരനെതിരായ പേരെടുത്തു പറഞ്ഞുള്ള വിമർശനത്തിലേക്ക് നീണ്ടു.

സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ റിപ്പോർട്ടിൽ സുധാകരനെതിരെ പരസ്യ വിമർശനമുണ്ടായിരുന്നില്ല. എന്നാൽ, ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഇപ്പോള്‍ സംസ്ഥാന സമിതിയിലും വിമർശനമുയർന്നതിനു പിന്നാലെയാണ് സിപിഎം അന്വേഷണത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായതായി തെളിഞ്ഞാൽ സുധാകരനെതിരെ കടുത്ത നടപടിയുണ്ടാകാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കുറ്റ്യാടിയില്‍ നടന്ന വിമത പ്രകടനങ്ങളുടെ പേരില്‍ എംഎല്‍എ കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഎം നടപടി സ്വീകരിച്ചിരുന്നു.

സുധാകരനെതിരായ അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനതല കമ്മീഷൻ വേണോ എന്ന കാര്യത്തിൽ നാളെ തീരുമാനമാകും. കമ്മീഷന്‍ അംഗങ്ങളെയും അതിനനുസരിച്ചായിരിക്കും തീരുമാനിക്കുക. ഇതോടൊപ്പം പാലായിലും കൽപ്പറ്റയിലുമുണ്ടായ പരാജയങ്ങളും അന്വേഷിച്ചേക്കും. രണ്ടിടത്തും വീഴ്ചയുണ്ടായില്ലെന്നായിരുന്നു കോട്ടയം, വയനാട് ജില്ലകളിൽനിന്നുള്ള അംഗങ്ങളുടെ വാദം. എന്നാല്‍, ഈ വാദം സംസ്ഥാന സമിതി അംഗീകരിച്ചേക്കില്ലെന്നാണ് അറിയുന്നത്.

Related Tags :
Similar Posts