തിരു.മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ മുറി ആംബുലൻസ് ഡ്രൈവർ പൂട്ടി
|പ്രതിഷേധിച്ച ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ മുറി ആംബുലൻസ് ഡ്രൈവർ പൂട്ടി. എസ്.എ.ടി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ആത്മനാന്ദനാണ് മുറി പൂട്ടിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരുടെ വിശ്രമമുറി സൂപ്രണ്ട് പൂട്ടിയതിന് പകരമായാണ് ഇത്തരമൊരു നടപടി.
മുറി പൂട്ടുന്നതിന്റെ വീഡിയോയും ഡ്രൈവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മൂന്നുദിവസമായി മുറിയുടെ പുറത്താണ് കിടക്കുന്നതെന്നും ടോയ്ലെറ്റ് സൗകര്യമില്ലെന്നും ആംബുലൻസിന്റെ താക്കോലുകൾ ഈ മുറിയിലാണെന്നും ഡ്രൈവർ വീഡിയോയിൽ പറയുന്നുണ്ട്.ഇതിനെ തുടർന്ന് ലിഫ്റ്റ് സൗകര്യം ഉപയോഗിക്കാനാകാതെ രോഗികൾ വലഞ്ഞിരുന്നു.
സൂപ്രണ്ടിന്റെ റൂം പൂട്ടിയതോടെ രോഗികൾക്കും ലിഫ്റ്റ് സൗകര്യം ഉപയോഗിക്കാനാകാത്ത അവസ്ഥയായിരുന്നു. രോഗികൾ ഉപയോഗിക്കുന്ന ലിഫ്റ്റ് ഉണ്ടെന്ന് അറിഞ്ഞില്ലെന്ന് റൂം പൂട്ടിയ ആത്മനാന്ദൻ പ്രതികരിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തുടര്‍ന്ന് മുറി പൂട്ടി പ്രതിഷേധിച്ച ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അതേസമയം, ആംബുലൻസ് ഡ്രൈവർമാർ കൃത്യമായി സർവീസ് നടത്തുന്നില്ലെന്നും പലരും പല കാരണങ്ങൾ പറഞ്ഞ് ഓട്ടത്തിന് വരുന്നില്ലെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് മീഡിയവണിനോട് പറഞ്ഞു. 'ആയിരക്കണക്കിന് രോഗികൾ വരുന്ന ഈ സ്ഥാപനത്തിൽ പലപ്പോഴും സഹായത്തിന് ആവശ്യപ്പെടുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് ലീവാണ് എന്നൊക്കെയാണ് പറയാറ്. പലപ്പോഴും ഫോൺവിളിച്ചാൽ പോലും എടുക്കില്ല'. ഇപ്പോൾ പൂട്ടിയെന്ന് പറയുന്ന മുറിയിൽ പകൽസമയത്ത് പോലും ഡ്രൈവർമാർ മദ്യപിക്കുന്ന ഇടമാക്കി മാറ്റിയിരിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.ഒന്നുരണ്ട് തവണ അവരെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. നിലവിൽ മുറി പൂട്ടി സെക്യൂരിറ്റി വിഭാഗത്തിൻറെ തന്നെ നേരിട്ടുള്ള നിയന്ത്രണത്തിൽ അവരുടെ മുറിയുടെ തൊട്ടടുത്തായിട്ടാണ് പുതിയ വിശ്രമ സ്ഥലം നൽകിയിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ക്രമിനൽ സ്വഭാവമുള്ള ആളിന് മാത്രമേ ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു.