ഫോണ്‍ വിളിച്ച് ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ചു; ചോദ്യംചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം
|രോഗിയുമായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ശേഷം തിരികെ വരുമ്പോഴാണ് സംഭവം
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും കാറിലെത്തിയവര്‍ മർദിച്ചെന്ന് പരാതി. ഫോൺ വിളിച്ച് അലക്ഷ്യമായി ഓടിച്ചു വന്ന കാർ ആംബുലൻസിൽ ഇടിച്ചിരുന്നു. ഇത് ചോദ്യംചെയ്തതിനാണ് മർദിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ മൻസൂർ പറഞ്ഞു.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസിന്റെ ഡ്രൈവർ മൻസൂറിനും മെഡിക്കൽ ടെക്നീഷ്യൻ എൽദോസിനുമാണ് മർദനമേറ്റത്. രോഗിയുമായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ശേഷം തിരികെ വരുമ്പോഴാണ് സംഭവം. പോഞ്ഞാശ്ശേരിയിൽ വെച്ച് അലക്ഷ്യമായി കാറോടിച്ച് ആംബുലൻസിൽ ഇടിച്ചത് ചോദ്യംചെയ്തതാണ് മർദന കാരണമായി ആംബുലൻസ് ഡ്രൈവർ പറയുന്നത്.
മൻസൂറിന്റെ മുഖത്തും എൽദോസിന്റെ കൈയ്ക്കുമാണ് പരിക്ക്. പരിക്കേറ്റ ഇരുവരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഡ്രൈവറുടെ പരാതിയിൽ 324 വകുപ്പ് ചുമത്തി തടിയിട്ടപറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.