Kerala
The driver will not take the ambulance without paying in advance; The patient died
Kerala

ആംബുലൻസ് ഡ്രൈവറുടെ പിടിവാശി രോഗിയെ എത്തിക്കുന്നതിൽ കാലതാമസമുണ്ടാക്കി; പ്രാഥമിക അന്വേഷണ റിപ്പോർട്ട്

Web Desk
|
12 July 2023 11:51 AM GMT

ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നും ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്

പറവൂര്‍: ആംബുലൻസ് വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നും ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്കാണ് റിപ്പോർട്ട് നൽകിയത്. രോഗിയെ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിൽ ആംബുലൻസ് ഡ്രൈവർക്ക് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവറുടെ പിടിവാശി രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പണം നൽകാൻ കഴിയില്ലെങ്കിൽ ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ വിളിച്ചുപറഞ്ഞാൽ ആംബുലൻസ് എടുക്കാമെന്ന് രോഗിയുടെ ബന്ധുക്കളോട് പറഞ്ഞതായി ആംബുലൻസ് ഡ്രൈവർ ആന്റണി ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ബന്ധുക്കൾ നിഷേധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മുൻകൂർ പണം നൽകാതെ ആംബുലൻസ് എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശി മൂലം രോഗി മരിച്ചതായാണ് പരാതി ഉയര്‍ന്നത്. പനിയെ തുടർന്ന് ഗുരുതരാവസ്ഥയിലായ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. രോഗിയുടെ ബന്ധുകളുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ ആന്റണിയെ സസ്പെൻഡ് ചെയ്തിരുന്നു.

പനിബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ രാവിലെ എട്ട് മണിക്കാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ പരിശോധിച്ച ശേഷം ഉടനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് അസ്മയെ കൊണ്ടുപോകാനായി ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബലൻസിൽ കയറ്റിയതിന് ശേഷമായിരുന്നു ഡ്രൈവറുടെ പിടിവാശി. ആംബുലൻസ് വാടകയായ 900 രൂപ മുൻകൂറായി നൽകിയാലെ വാഹനം എടുക്കൂ എന്ന് ഡ്രൈവർ നിലപാട് എടുത്തു. പണം എറണാകുളത്ത് എത്തിയിട്ട് നൽകാം എന്ന് അറിയിച്ചെങ്കിലും വാഹനം എടുക്കാൻ ഡ്രൈവർ കൂട്ടാക്കിയിലെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.

അരമണിക്കൂറിന് ശേഷം ബന്ധുക്കൾ പണം സംഘടിപ്പിച്ച് നൽകിയ ശേഷമാണ് ഡ്രൈവർ ആംബുലൻസ് എടുത്തത്.അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചങ്കിലും ഏതാനും മിനുറ്റുകൾക്കകം മരിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.

Similar Posts