മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി; കേന്ദ്രം രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി
|ബാങ്ക് വഴിയോ ട്രഷറർ വഴിയോ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു
കൊച്ചി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ. രണ്ടാഴ്ചക്കകം നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ എന്നത് സംബന്ധിച്ച വിദഗ്ധ സമിതിയുടെ കൂടിയാലോചന നടക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്നും കേന്ദ്രം മറുപടി നൽകി.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ നാഗാലാൻഡ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തണമെന്നും അമിക്കസ്ക്യൂറി കോടതിയിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന വാർത്തകൾ വരുന്നുണ്ടല്ലോ എന്നും ബാങ്ക് വഴിയോ ട്രഷറർ വഴിയോ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു.
വയനാടിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സർക്കാർ നേരത്തെ പറഞ്ഞിരുന്നു. വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട് പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.