Kerala
മാസ്‌കിടാതെ അമിത് ഷാ പ്രചാരണത്തിൽ; കേസെടുക്കാത്തതെന്തെന്ന് ചോദ്യം
Kerala

മാസ്‌കിടാതെ അമിത് ഷാ പ്രചാരണത്തിൽ; കേസെടുക്കാത്തതെന്തെന്ന് ചോദ്യം

Web Desk
|
28 Jan 2022 5:59 AM GMT

യുപിയില്‍ ബിജെപി സ്ഥാനാർത്ഥികള്‍ക്കു വേണ്ടി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വീടു തോറും കയറിയിറങ്ങിയിരുന്നു

യുപി തെരഞ്ഞെടുപ്പിൽ മാസ്‌കിടാതെ പ്രചാരണത്തിൽ സജീവമായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൂഹ മാധ്യമങ്ങൾ. മാസ്‌കിട്ട് പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗലിനെതിരെ കേസെടുത്ത അധികാരികൾ എന്തു കൊണ്ടാണ് അമിത് ഷാക്ക് നേരെ കണ്ണടക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഗൗതം ബുദ്ധനഗറിലെ ദാദ്രി, ബ്രാജ് മേഖലയിൽ ബിജെപി സ്ഥാനാർത്ഥികള്‍ക്കു വേണ്ടി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വീടു തോറും കയറിയിറങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിരവധി ആളുകൾക്കൊപ്പം നിൽക്കുന്ന അമിത് ഷാ ഒരു ചിത്രത്തിലും മാസ്‌ക് ധരിച്ചിട്ടില്ല. ബുലന്ദ്ഷഹർ, ഗൗതംബുദ്ധനഗർ ജില്ലകളിലെ പാർട്ടി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഷാക്ക് മാസ്‌കില്ല.

നോയ്ഡയിൽ പ്രചാരണം നടത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തിരുന്നത്. ഗൗതംബുദ്ധനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാസ്‌ക് ധരിച്ചാണ് ബാഗൽ പ്രചാരണത്തിനിറങ്ങിയിരുന്നത്.

ഭൂപേഷ് ബാഗല്‍ പ്രചാരണത്തില്‍
ഭൂപേഷ് ബാഗല്‍ പ്രചാരണത്തില്‍

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ പത്തു പേരിൽ കൂടുതൽ ആളു പാടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. റോഡ് ഷോ, പദയാത്ര, ബൈക്ക്-സൈക്കിൾ റാലി തുടങ്ങിയവയ്ക്കും വിലക്കുണ്ട്.

അതിനിടെ, ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കുന്ന ജാട്ട് സമുദായത്തെ വരുതിയിലാക്കാനുള്ള അമിത് ഷായുടെ ശ്രമം പാളി. എസ്.പി.സഖ്യത്തിൽ നിന്നും ആർ.എൽ.ഡിയെ അടർത്തിയെടുക്കാനുള്ള ബി.ജെ.പി നീക്കം വിജയിച്ചില്ല. കർഷക പ്രക്ഷോഭത്തോടെയാണ് ജാട്ട് സമുദായവും ബി.ജെ.പിയും രണ്ട് തട്ടിലായത്.

എസ്.പി.സഖ്യം വേർപെടുത്തി ബി.ജെ.പി മുന്നണിയിലേക്ക് എത്താൻ പർവേശ് വേർമ എം.പി ജയന്ത് ചൗധരിയോട് ആവശ്യപ്പെട്ടത് അമിത് ഷായുടെ നിർദേശ പ്രകാരമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഖ്യ സാധ്യത തുടരുമെന്ന് ആർ.എൽ.ഡിയ്ക്ക് എം.പി ഉറപ്പ് നൽകിയിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചാണ് ബി.ജെ.പി തന്ത്രം ആവിഷ്‌കരിച്ചത്.

Related Tags :
Similar Posts