Kerala
സിദ്ദിഖിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ വിയോജിപ്പ്;  ഇടഞ്ഞത് ജഗദീഷ്, പിന്തുണച്ച് യുവതാരങ്ങള്‍
Kerala

സിദ്ദിഖിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ വിയോജിപ്പ്; ഇടഞ്ഞത് ജഗദീഷ്, പിന്തുണച്ച് യുവതാരങ്ങള്‍

Web Desk
|
27 Aug 2024 9:54 AM GMT

ബാബുരാജിനെതിരെയും രൂക്ഷ വിമര്‍ശനം

കൊച്ചി: അമ്മയിലെ പൊട്ടിത്തെറിക്ക് കാരണം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനം. അംഗങ്ങളുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് സിദ്ദിഖ് വാർത്താ സമ്മേളനം നടത്തിയതെന്ന് ഒരുവിഭാഗം യോഗത്തിൽ വിമർശനമുന്നയിച്ചു. നടൻ ജഗദീഷിന്റെ നേതൃത്വത്തിലാണ് യോഗത്തില്‍ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടത്. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്കൊപ്പം അമ്മ നിന്നില്ലെന്ന് വിമർശനം ഉയര്‍ന്നു. അതേസമയം വിമര്‍ശനം ഉന്നയിച്ച ജഗദീഷിനൊപ്പം മുതിർന്ന താരങ്ങൾ നിന്നില്ലെങ്കിലും യുവതാരങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു. ജഗദീഷിനെ പിന്തുണച്ച് ഒരു വിഭാഗം അംഗങ്ങളും രംഗത്ത് വന്നു.

ആരോപണം ഉയർന്നിട്ടും ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാൻ ബാബുരാജ് തയ്യാറായില്ലെന്ന വിമർശനവും ഉയരുകയുണ്ടായി. ഭരണസമിതിക്ക് കീഴിൽ തുടരാൻ കഴിയില്ലെന്ന് മുതിർന്ന വനിതാ അംഗങ്ങൾ മോഹൻലാലിനെ അറിയിക്കുകയായിരുന്നു.

അതേസമയം പ്രസിഡന്റ് സ്ഥാനം രാജിവെച്ച മോഹൻലാൽ വൈകാരികമായാണ് യോഗത്തിൽ സംസാരിച്ചത്. മമ്മൂട്ടിയടക്കമുള്ള മുതിർന്ന അംഗങ്ങൾ മോഹൻലാലിനെ രാജിയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ തുടരുകയായിരുന്നു.

നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട‌ത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് സംഘടന നല്‍കിയ വിശദീകരണം.

Similar Posts