Kerala
odisha train tragedy
Kerala

ഒഡീഷയിൽ മരിച്ചവരിൽ കോഴിക്കോട് കുറ്റ്യാടിയിൽ താമസക്കാരനായ ബംഗാൾ സ്വദേശിയും

Web Desk
|
3 Jun 2023 9:04 AM GMT

ട്രെയിൻ ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ കോഴിക്കോട് കുറ്റ്യാടിയിൽ താമസക്കാരനായ ബംഗാൾ സ്വദേശിയും. ബംഗാൾ ബർദമാൻ സ്വദേശി സദ്ദാം ഹൊസൻ ആണ് മരിച്ചത്.15 വർഷമായി കുറ്റ്യാടിയിൽ താമസിച്ച് ജോലി ചെയ്‌ത്‌ വരികയായിരുന്നു ഇയാൾ.

അതേസമയം, ട്രെയിൻ ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ റെയിൽവേയോടും ഒറീസയോടും സഹകരിക്കുമെന്നും മമത ബാനർജി അറിയിച്ചു.

അപകടത്തിൽ 280 പേര്‍ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ഇനിയും കൂടുതല്‍ പേര്‍ ബോഗികള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Similar Posts