കാർ കത്തിക്കുന്നത് മൊബൈലിൽ ചിത്രീകരിച്ചു; വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം
|അക്രമത്തിന് കാരണം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം
തിരുവനന്തപുരം: മലയിൻകീഴ് പൊറ്റയിൽ വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം. അയൽവാസികളായ പ്രതികൾ കാർ കത്തിക്കാൻ ശ്രമിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് വിദ്യാർഥിക്ക് നേരെയും അക്രമശ്രമമുണ്ടായത്. കാർ പൂർണമായി അടിച്ചുതകർത്തു.
ഇന്നലെ വൈകിട്ട് 5.40 നാണ് സംഭവം. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തുടക്കമുണ്ടായത്. വെള്ളറട സ്വദേശിനി റീനയുടെ കാറാണ് അയൽവാസികളായ അരവിന്ദ്, അമ്മാവൻ മണികണ്ഠൻ, അരവിന്ദൻ്റെ സുഹൃത്ത് എന്നിവർ ചേർന്ന് തീയിടാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽ വന്ന ബന്ധുക്കളുടെ കാർ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. പാർക്ക് ചെയ്തതിൽ പ്രകോപിതനായ അരവിന്ദ് റീനയെയും റീനയുടെ ഭർത്താവിനെയും അസഭ്യം പറഞ്ഞു. റീനയുടെ ഭർത്താവ് മഹേഷ് കുമാർ പുറത്തിറങ്ങിയപ്പോൾ ഇവർ മഹേഷിനെ മർദിച്ചതായും പരാതിയിൽ പറയുന്നു.
ശേഷം പ്രതികൾ കാർ അടിച്ചു തകർക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഇത് റീനയുടെ മകളും പ്ലസ് ടു വിദ്യാർഥിനിയുമായ മേഘ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രതികൾ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന പെട്രോൾ മകളുടെ ദേഹത്ത് ഒഴിക്കുകയും രണ്ട് തവണ തീപ്പെട്ടി കത്തിച്ചെറിയുകയും ചെയ്തു എന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. നാളെ വിരലടയാള വിദഗ്ധർ പരിശോധന നടത്തും.