പപ്പട കച്ചവടത്തിനായി മകന്റെ സ്കൂട്ടറിൽ പോയ വയോധികന് 10,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
|സ്കൂട്ടർ വിറ്റാൽ പോലും ഇത്ര പണം ലഭിക്കില്ലെന്നാണ് കുടുംബം പറയുന്നത്
ടി.വി.എസ് എക്സലിൽ ലൈസൻസില്ലാതെ യാത്ര ചെയ്ത വയോധികന് 10,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് . പപ്പട കച്ചവടത്തിനായി മകന്റെ സ്കൂട്ടറിൽ പോയ പാലക്കാട് പാറ സ്വദേശി മണിക്കാണ് 10,000 രൂപ പിഴ വന്നത്. സ്കൂട്ടർ വിറ്റാൽ പോലും ഇത്ര പണം ലഭിക്കില്ലെന്നാണ് ഈ കുടുംബം പറയുന്നത്.
മറ്റുള്ളവർ നിർമ്മിക്കുന്ന പപ്പടം വാങ്ങി പാക്കറ്റിലാക്കി വിറ്റു അതിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ടാണ് മണി ജീവിക്കുന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ സാധാരണ സ്കൂട്ടർ ഓടിക്കാറില്ലെന്നും ബസ് ലഭിക്കാത്തതിനാൽ പപ്പട വിൽപനക്കായി സ്കൂട്ടർ എടുക്കുകയായിരുന്നെന്നും മണി പറയുന്നു. ചന്ദ്രനഗറിൽ വെച്ച് ആര്.ടി.ഒ എൻഫോഴ്സ്മെന്റ് വാഹനം തടഞ്ഞു. 500 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടു. 300 രൂപ മാത്രമെ ആ സമയം മണിയുടെ കൈവശം ഉണ്ടായിരുന്നുള്ളു. പണം കോടതിയിൽ അടക്കാൻ നോട്ടീസ് വരുമെന്ന് പറഞ്ഞാണ് മണിയെ വിട്ടയച്ചത്. നോട്ടീസ് ലഭിച്ചപ്പോഴാണ് മണി ശരിക്കും ഞെട്ടിയത്. പതിനായിരം രൂപ പിഴയടക്കാനാണ് നോട്ടീസ്. 10000 രൂപ പോലും വിലയില്ലാത്ത വാഹനത്തിനാണ് ഇത്ര വലിയ തുക മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിഴ ചുമത്തിയത്.
ചോർന്നൊലിക്കുന്ന വീട് മേയാൻ പോലും പണമില്ലാതെ പ്രയാസപെടുമ്പോൾ ഇത്ര വലിയ തുക പിഴയായി എങ്ങനെ അടക്കുമെന്നാണ് മണിയുടെ ചോദ്യം. 5000 രൂപ ലൈസൻസില്ലാത്തതിനും 5000 രൂപ വാഹന ഉടമയായ മണിയുടെ മകനുമാണ് പിഴയെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.