Kerala
പെൻഷൻ പ്രതിഷേധം
Kerala

ഇടുക്കിയിലെ വൃദ്ധ ദമ്പതികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

Web Desk
|
9 Feb 2024 8:46 AM GMT

അടിമാലിയിലെ പെട്ടിക്കടക്ക് മുന്നിൽ 'ദയാവധത്തിന് തയ്യാർ' എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു ഇരുവരുടെയും പ്രതിഷേധം

ഇടുക്കി: അടിമാലിയിൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 'ദയാവധത്തിന് തയ്യാർ' എന്ന ബോർഡും നീക്കം ചെയ്തു.


പെൻഷൻ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാക്കൾ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പെൻഷൻ ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ശിവദാസനും ഓമനയും പറഞ്ഞു.

ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിമാലിയിലെ പെട്ടിക്കടക്ക് മുന്നിൽ ദയാവധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു ഇരുവരുടെയും പ്രതിഷേധം.


ഔദാര്യമല്ല അവകാശമാണ് പെൻഷൻ. അത് മുടങ്ങാതെ കിട്ടണം. ഇല്ലെങ്കിൽ ദയാവധത്തിന് തയ്യാർ. അമ്പലപ്പടിയിലെ പെട്ടിക്കടയിൽ ഇങ്ങനെയൊരു ബോർഡ് സ്ഥാപിച്ചാണ് 63 കാരിയായ ഓമനയുടെയും 72 വയസ്സുള്ള ഭർത്താവ് ശിവദാസിന്‍റെയും പ്രതിഷേധം. കുളമാൻകുഴി ആദിവാസി കോളനിയിൽ സ്ഥലമുണ്ടെങ്കിലും കാർഷികവിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചതോടെ ഇരുവരും അവിടെ നിന്ന് പടിയിറങ്ങി. പഞ്ചായത്ത് നൽകിയ പെട്ടിക്കടയിൽ തന്നെയാണ് ഇവരുടെ താമസം.


സി.പി.എം നേതാക്കൾ നേരിട്ട് എത്തി ദമ്പതികള്‍ക്ക് ആയിരം രൂപയും കൈമാറി. മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ മാസം തോറും 1600 രൂപ വീതം നൽകുമെന്നാണ് യൂത്ത് കോൺഗ്രസ് വാഗ്ദാനം. ബി.ജെ.പി പ്രവർത്തകർ ഒരു മാസത്തെ പെൻഷനും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റും നൽകി.

Similar Posts