മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു
|ജോലിക്കിടെ കടുവ തനിക്ക് നേരെ ചാടുകയായിരുന്നെന്ന് പുഷ്പലത
മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി. ഓടി രക്ഷപ്പെടുന്നതിനിടെ ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലതക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്റ്റേറ്റിലാണ് യുവതി കടുവയുടെ ആക്രമണം നേരിട്ടത്.
പാന്ദ്രയിലെ കേരള എസ്റ്റേറ്റ് എ ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് കാടുവെട്ടുന്ന ജോലിക്കിടെയാണ് ഝാര്‍ഖണ്ഡ് സ്വദേശിനി പുഷ്പലത കടുവയുടെ ആക്രമണം നേരിട്ടത്. യുവതിയുടെ ഭർത്താവും മറ്റൊരു തൊഴിലാളിയും കൂടെയുണ്ടായിരുന്നു. ജോലിക്കിടെ കടുവ തനിക്ക് നേരെ ചാടുകയായിരുന്നെന്നു പുഷ്പലത പറയുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ പുഷ്പലതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാരക്കുണ്ട് വനാതിർത്തിയിൽ കഴിഞ്ഞ രണ്ട് മാസമായി കടുവ ഭീതി നിലനിൽക്കുന്നുണ്ട്. നിരവധി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. മേഖലയിൽ കെണി സ്ഥാപിച്ചെങ്കിലും കടുവയെ ഇനിയും പിടികൂടാനായില്ല.