Kerala
കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകൻ, പൊലീസ് എന്തെടുക്കുകയാണ്: കെ സുരേന്ദ്രൻ
Kerala

കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകൻ, പൊലീസ് എന്തെടുക്കുകയാണ്: കെ സുരേന്ദ്രൻ

Web Desk
|
16 April 2022 10:59 AM GMT

ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും എന്നാൽ അവർ ജനാധിപത്യത്തെ മാനിക്കാത്ത ഭീകരവാദ സംഘടനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

പാലക്കാട്ട് കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകനാണെന്നും ആ സമയത്ത് കേരളാ പൊലീസ് എന്തെടുക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്ടെ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക്‌ ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മേലാമുറി വർഗീയ സംഘർഷമുണ്ടായ സ്ഥലമാണെന്നും അവിടെ പൊലീസ് പിക്കറ്റ് ഏർപ്പെടുത്താനോ തയാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറും പൊലീസും തീവ്രവാദ സംഘങ്ങൾക്ക് കൊലപാതകം നടത്താൻ ഒത്താശ നൽകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ ഇടപെടേണ്ട രീതി മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മതഭീകരവാദ സംഘടനകളെ സംസ്ഥാന സർക്കാർ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും എന്നാൽ അവർ ജനാധിപത്യത്തെ മാനിക്കാത്ത ഭീകരവാദ സംഘടനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അവരോടാണോ ചർച്ച നടത്തേണ്ടതെന്നും എന്ത് കൊണ്ടാണ് ഇവരെ നിരോധിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടുണ്ടായത് ആലപ്പുഴയിലേതിന് സമാനമായ സംഭവമാമെണന്നും പൊലീസിന് കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെങ്കിലും ഒരു ജാഗ്രതയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടും ക്രിമിനലുകൾ ആയുധവുമായി റോന്ത് ചുറ്റുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതക പരമ്പരകൾക്ക് കാരണമെന്നും സുരേന്ദ്രൻ വിമർശിച്ചു.

എസ്ഡിപിഐ നേതാവും ആർഎസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട പാലക്കാട്ടേക്ക് കൂടുതൽ പൊലീസ്. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി - 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. മൂന്ന് കമ്പനി സേന ഉടൻ പാലക്കാട് എത്തും. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ടോടെ ഇദ്ദേഹം പാലക്കാടെത്തും. ഡിജിപി അനിൽ കാന്ത് ഇദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എസ്ഡിപിഐ, ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണം നൽകും. ജില്ലകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ ഇന്ന് ഉച്ചക്ക്‌ വെട്ടിക്കൊന്നിരുന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.

ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ശ്രീനിവാസന്‍റെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഷിജോ എബ്രഹാമാണ് ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചത്.

അവസാനിക്കാത്ത കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേർ

അവസാനമില്ലാതെ സംസ്ഥാനത്തെ കൊലപാതക പരമ്പരകൾ. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ഇതിൽ 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.ഇതിൽ 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ.2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും കൊല്ലപ്പെട്ടു.

2022 മാർച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊലകത്തിക്ക് ഇരയായത്. 107 പേർ. കൂടുതൽ കൊലപാതകകേസുകൾ രജിസ്റ്റർ ചെയ്തതും ഇവിടെ തന്നെ. സംഘടിത ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടപ്പോൾ ജയിലിൽ നിന്ന് പരോളിലിറങ്ങിയ രണ്ട് പേരുംകൊലകേസുകളിൽ പ്രതികളായി. ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായി 38 പേരുടെ ജീവനും കൊലപാതകികൾ കവർന്നു.


An RSS worker who was not charged in any case was killed in Palakkad: K Surendran

Similar Posts