'സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിച്ചു'; സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ
|ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ
സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ കേരള നിയമസഭ സ്പീക്കർ എഎൻ ഷംസീർ അനുശോചിച്ചു. സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ചേക്കേറിയ സംവിധായകനാണ് സിദ്ദിഖെന്നും കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങൾ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലുമുണ്ടെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
ലാൽ എന്ന സംവിധായകനോടൊപ്പം ചേർന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും അല്ലാതെ ഒറ്റക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദിഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിദ്ദിഖിന്റെതായി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.
ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ അറിയിച്ചു.
Kerala Assembly Speaker AN Shamseer condoled the death of director Siddique.