Kerala
എ.എൻ ഷംസീർ ഇനി സഭാ നാഥൻ
Kerala

എ.എൻ ഷംസീർ ഇനി സഭാ നാഥൻ

Web Desk
|
12 Sep 2022 5:32 AM GMT

ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് പുതിയ സ്പീക്കറെ പ്രഖ്യാപിച്ചത്. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഷംസീറിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു.

എം.ബി രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടുതവണ എംഎൽഎയായ ഷംസീർ കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഫിലോസഫി ബിരുദവും കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽനിന്ന് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കി.

കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂർ സർവകലാശാല ഗസ്റ്റ് അധ്യാപിക). മകൻ: ഇസാൻ.

Similar Posts