ബ്രണ്ണന്‍ കോളേജിലെ എസ്.എഫ്.ഐക്കാരനില്‍ നിന്ന് സ്പീക്കര്‍ പദവിയിലേക്ക്; രാജേഷിന് പകരക്കാരനായി എ.എന്‍ ഷംസീര്‍
|എസ്.എഫ് ഐയും ഡിവൈഎഫ്ഐയും നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ നേതൃനിരയിൽ നിന്ന് നയിച്ചാണ് ഷംസീര്‍ എന്ന ഇടതുപക്ഷക്കാരന്‍ രാഷ്ട്രീയ കേരളത്തിന്‍റെ ഭൂപടത്തില്‍ തന്‍റേതായ സ്ഥാനം വരച്ചിടുന്നത്.
എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 22-ാമത് സ്പീക്കര്‍. കണ്ണൂരിൽ നിന്നും നിയമസഭ സ്പീക്കർ ആകുന്ന ആദ്യ നേതാവ് കൂടിയാണ് ഷംസീർ. എം.വി.ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടന നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ പദവി ഷംസീറിലേക്കെത്തുന്നത്.
നിലവിലെ സ്പീക്കര്‍ എം.ബി രാജേഷിന് എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകളുടെ ചുമതല തന്നെയാണ് നല്‍കിയിരിക്കുന്നത്. എം.ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുകയും എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആകുകയും ചെയ്ത സാഹചര്യത്തില്‍ ഷംസീറിനെ സ്പീക്കറായി പരിഗണിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമായിരുന്നു കണ്ണൂര്‍ കേഡറില്‍ നിന്ന് ഈ മന്ത്രിസഭയിലുണ്ടായിരുന്നത്. എം.വി ഗോവിന്ദന്‍ പാര്‍ട്ടി ലീഡര്‍ഷിപ്പിലേക്ക് മാറുമ്പോള്‍ മന്ത്രിസഭയില്‍ വീണ്ടും കണ്ണൂര്‍ പ്രാതിനിധ്യം കുറഞ്ഞു. ഇതും തലശ്ശേരി എം.എല്‍.എ ആയ ഷംസീറിനെ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായി.
കോടിയേരി ബാലകൃഷ്ണനായിരുന്നു രാഷട്രീയത്തിൽ ഷംസീറിന്‍റെ ഗുരു. കോടിയേരിയുടെ പിൻമുറക്കാരനായാണ് ഷംസീർ തലശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തുന്നത്.
എസ്.എഫ് ഐയും ഡി.വൈ.എഫ്.ഐയും നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ നേതൃനിരയിൽ നിന്ന് നയിച്ചാണ് ഷംസീര്‍ എന്ന ഇടതുപക്ഷക്കാരന്‍ രാഷ്ട്രീയ കേരളത്തിന്‍റെ ഭൂപടത്തില്‍ തന്‍റേതായ സ്ഥാനം വരച്ചിടുന്നത്. വടക്കൻ കേരളത്തിലെ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമാണ് തലശ്ശേരി. നിരവധി സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ്. അവിടെ നിന്നാണ് എ എൻ ഷംസീർ എന്ന രാഷട്രീയക്കാരന്‍റെ തുടക്കം.
1977 മെയ് 24ന് ഉസ്മാൻ കോമത്തിന്റെയും എ.എൻ സറീനയുടെയും മകനായി ജനിച്ച ഷംസീർ തലശ്ശേരി ബി.ഇ.എം.പി സ്കൂളിലെ പഠനകാലത്ത് എസ്.എഫ്.ഐയിൽ സജീവമായി. ഡിഗ്രി പഠന കാലത്ത് ബ്രണ്ണൻ കോളേജിൽ യൂണിയൻ ചെയർമാൻ ആയി. 1998 ൽ കണ്ണൂർ സർവകാലശാലയുടെ പ്രഥമ യൂണിയൻ ചെയർമാൻ ആയി ആണ് ഷംസീര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. 2003ൽ എസ് എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്. പിന്നീട് 2008 ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ് എഫ് ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവിഹകളും വഹിച്ചു. നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ് എ.എന്‍ ഷംസീര്‍.
ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിലൂടെയാണ് പാര്‍ലമെന്‍ററി രംഗത്ത് ഷംസീര്‍ കടന്നുവരുന്നത്. പക്ഷേ കന്നിയങ്കത്തില്‍ തോല്‍വിയായിരുന്നു ഫലം. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനോടാണ് ഷംസീര്‍ പരാജയപ്പെട്ടത്. പിന്നീട് 2016ലും 2021ലും തലശ്ശേരിയില്‍ നിന്ന് നിയസഭയിലെത്തി. ആദ്യ തവണ എ.പി അബ്ദുല്ലക്കുട്ടിയെ പരാജയപ്പെടുത്തിയ ഷംസീര്‍ രണ്ടാം ഊഴത്തില്‍ എം.പി അരവിന്ദാക്ഷനെയാണ് തോല്‍പ്പിച്ചത്.
ബ്രണ്ണൻ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസില്‍ നിന്ന് എൽ.എൽ.ബി.യും എൽ.എൽ.എമ്മും പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഇടതുപക്ഷ വിദ്യാര്‍ഥി യുവജന സമര പോരാട്ടങ്ങളെ മുൻ നിരയിൽ നിന്ന് നയിച്ച ഈ യുവ നേതാവിന് ഇനി സഭാ നാഥന്‍റെ പുതിയ ദൗത്യമാണ്.