പുതിയ എം.എല്‍.എമാരില്‍ പകുതിയിലധികം പേര് കോടിപതികള്‍; 71% പേര്‍ക്കും ക്രിമിനല്‍ കേസ്
|ദില്ലി ആസ്ഥാനമായ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ എംഎല്‍എമാരില്‍ 55 ശതമാനം പേരുടെ ആസ്തി ഒരു കോടി രൂപയില്‍ കൂടുതലാണ്
പുതുതായി സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എമാരില്‍ 71 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് കണക്കുകള്‍. ദില്ലി ആസ്ഥാനമായ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്നാട്ടിലെ 60ശതമാനവും ബംഗാളിലെ 49ശതമാനവും എം.എല്‍.എമാര്‍ ക്രിമിനല്‍ കേസുള്ളവരാണ്. കേരളത്തിലെ എം.എല്‍.എമാരുടെ ക്രിമിനല്‍ കേസുകളില്‍ കൂടുതലും സമരങ്ങളിലും പൊതുപ്രശ്നങ്ങളിലും ഇടപെട്ടതിന്റെ പേരിലുള്ളതാണ്.
അതേസമയം കേരളത്തിലെ എംഎല്‍എമാരില്‍ 55 ശതമാനം പേരുടെ ആസ്തി ഒരു കോടി രൂപയില്‍ കൂടുതലാണ്. ഏറ്റവും കൂടുതല്‍ സ്വത്തുള്ള എം.എല്‍.എ നിലമ്പൂരില്‍ നിന്ന് ജയിച്ച പി.വി അന്‍വറാണ്. 64കോടി രൂപയാണ് അന്‍വറിന്റെ ആകെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് എം.എല്‍.എ മാത്യൂ കുഴല്‍നാടന്റെ ആകെ സ്വത്ത് 34 കോടിയാണ്. മൂന്നാമത് പാലാ എംഎല്‍എ മാണി സി കാപ്പന് (27 കോടി) . പത്തനാപുരം എം.എല്‍.എ കെബി ഗണേഷ്കുമാറാണ് നാലാമത് (19 കോടി). പിറവം എംഎല്‍എ അനൂപ് ജേക്കബ് (18 കോടി) അഞ്ചാമതും മന്ത്രി വി. അബ്ദുറഹ്മാന് (17 കോടി) ആറാം സ്ഥാനത്തുമാണുള്ളത്.
കോടിപതികളായ എം.എല്‍എമാരുടെ പട്ടികയില്‍ 67 പേരാണുള്ളത്. 66 ാമതുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് 1 കോടി 18 ലക്ഷമാണ്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മന്ത്രി വി അബ്ദുറഹമാനും കുറവുള്ളത് പി പ്രസാദും (14 ലക്ഷം) ആണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കയ്യിലുള്ളത് 6 കോടി രൂപ. പുതിയ നിയമസഭയില്‍ ഏറ്റവും കുറവ് സ്വത്തുള്ളത് തരൂരില്‍ നിന്ന് ജയിച്ച സി.പി.എം എം.എല്‍.എ പി.പി സുമോദിനാണ്. 9 ലക്ഷം രൂപയാണ് ഈ യുവ എംഎല്‍എയുടെ സമ്പാദ്യം.
കൂടുതല്‍ കടബാധ്യതയുള്ള എം.എല്‍.എ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പിവി അന്‍വര്‍ തന്നെയാണ്. അന്‍വറിന് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് കണക്കുകള്‍.
റിപ്പോര്‍ട്ട് വായിക്കാം