'ഹലോ ഗയ്‌സ്, ഇതുവരെ എല്ലാം സേഫാണ്'; അവസാന വിഡിയോയിൽ അനസ്
|ഇന്ന് ഹരിയാനയിലൂടെയുള്ള യാത്രയ്ക്കിടെയാണ് അനസ് ട്രക്ക് ഇടിച്ചു മരിക്കുന്നത്
ചണ്ഡിഗഢ്: സ്‌കേറ്റിങ്‌ബോർഡിൽ കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് തിരിച്ച തിരുവനന്തപുരം സ്വദേശി അനസ് ഹജാസിന്റെ ദാരുണാന്ത്യം മലയാളിയെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു മാസം മുൻപ് തുടങ്ങിയ യാത്ര അവസാനിക്കാൻ മൂന്നു ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഹരിയാനയിൽവച്ച് ട്രക്കിടിച്ച് യുവാവ് മരിക്കുന്നത്. അതിനിടെ രണ്ട് ആഴ്ച മുൻപ് അനസ് ഫേസ്ബുക്ക് ലൈവിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഇതുവരെയും യാത്ര സുരക്ഷിതമായിരുന്നുവെന്നു പറഞ്ഞ അനസ് രണ്ട് ആഴ്ചകൊണ്ട് കശ്മീരിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് വിഡിയോയിൽ.
വിഡിയോയിൽനിന്ന്:
''ഹലോ ഗയ്‌സ് ഞാൻ അനസ് ഹജാസ്..
എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. ഞാൻ സ്‌കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽനിന്ന് കശ്മീർ വരെ പോകുകയാണ്. ഇപ്പോൾ ഞാനുള്ളത് ഹരിയാനയിലെ ആംബുല എന്ന സ്ഥലത്താണ്. പഞ്ചാബിന്റെയും ഹരിയാനയുടെയും ബോർഡറാണ്.
ഇതുവരെയും എല്ലാം സേഫായിട്ടാണ് കാര്യങ്ങളെല്ലാം പോയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാവരും നല്ലനല്ല ആഹാരം തരുന്നു. 600 കി.മീറ്ററാണ് ഇനി കശ്മീരിലോട്ടുള്ളത്. ഇനിയും ഒരു പത്തുപതിനഞ്ച് ദിവസമെടുക്കും. ഇപ്പോൾ ഡെയ്‌ലി 50, 30, 40 കി.മീറ്റർ വച്ചേ പോകുന്നുള്ളൂ. ഇവിടെ രാവിലെയെല്ലാം മഴയാണ്. അതു കഴിഞ്ഞ സ്‌കേറ്റിങ് തുടങ്ങുമ്പോൾ വെയിലാകും.''
യാത്രാവിവരങ്ങൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും Anas Hajas എന്ന പേരിലുള്ള യൂട്യൂബ് ചാനലിലും പങ്കുവച്ചിരുന്നു അനസ്. യാത്ര ആരംഭിച്ച് ഒരു മാസം പിന്നിട്ട ശേഷമുള്ള വിഡിയോ ആണ് അവസാനമായി യൂട്യൂബിൽ ഇട്ടിരുന്നത്. മധ്യപ്രദേശിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രയിലെ കാഴ്ചകളായിരുന്നു വിഡിയോയിലുണ്ടായിരുന്നത്.
ഇന്ന് ഹരിയാനയിൽ യാത്രയ്ക്കിടെ അനസിനെ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് 2022 മേയ് 29നാണ് കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങിയത്. സ്‌കേറ്റിങ്‌ബോർഡിൽ മധുര, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
Summary: Anas Hajas, a Malayali skater who died in an accident in Haryana, says that the things are going well in the last video he shared in social media