"തൊഴിലാളികൾക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്"; ഓലപ്പാമ്പുകാട്ടി ഭീഷണിപ്പെടുത്താനാവില്ലെന്ന് ആനത്തലവട്ടം ആനന്ദൻ
|അവകാശബോധമുള്ള ജീവനക്കാരെ ഓലപാമ്പുകാണിച്ച് മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍. സുപ്രിംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചതാണ്. അതിനു ശേഷം ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടേതടക്കം എത്രയോ പണിമുടക്കുകള്‍ നടന്നു. പണിയെടുക്കുന്നവന് പണിമുടക്കാനും അവകാശമുണ്ട്. ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ അതില്‍ നിന്ന് പിന്തിരിയില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
സുപ്രിംകോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈക്കോടതിയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതികരണം. അവകാശബോധമുള്ള ജീവനക്കാരെ ഓലപാമ്പുകാണിച്ച് മാറ്റിനിര്‍ത്താനാവില്ല. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇന്നും പങ്കാളികളാകുമെന്ന് ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു. കടകൾ തുറന്ന് വച്ചാൽ വാങ്ങാൻ ആള് വേണ്ടേയെന്നും വ്യാപാര വ്യവസായി ഏകോപന സമിതി സമര വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഉപദ്രവിക്കണമെന്നത് സമര സമിതിയുടെ നിലപാടല്ല. നവംബര്‍ മാസം മുതല്‍ പണിമുടക്കുമായി സഹകരിക്കണമെന്ന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ദേശത്തിന് വേണ്ടിയാണ്, തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മാത്രമുള്ളതല്ല. ഏഴരപതിറ്റാണ്ടോളം രാജ്യം അധ്വാനിച്ചുണ്ടാക്കിയത് കേന്ദ്രം വിറ്റുതുലയ്ക്കുകയാണ്. ഇനി കുറേ മനുഷ്യരും ഒരു ഊഷരഭൂമിയും മാത്രമേ ബാക്കിയുള്ളൂ. ഇതിനെതിരെയാണ് ജനം അണിനിരന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.