കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അമ്മക്കൊപ്പമെന്ന് ആനാവൂർ നാഗപ്പൻ; അനുപമയ്ക്ക് കുഞ്ഞിനെ നൽകണം
|അനുപമയുടെ അച്ഛന്‍റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല, അജിത്തിനെ ഭീഷണിപ്പെടുത്തിയെന്ന വാർത്ത തെറ്റെന്നും ആനാവൂർ നാഗപ്പൻ
പേരൂർക്കടയിൽ യുവതിയിൽ നിന്നും രക്ഷിതാക്കൾ കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. നിയമപരമായി അമ്മയ്ക്ക് സഹായം ലഭിക്കണം. പാർട്ടിക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് അനുപമയോട് പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാൻ പാർട്ടി സഹായവും വാഗ്ദാനം ചെയ്തിരുന്നെന്ന് ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
പരാതിക്കത്ത് പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് നൽകണമെന്ന് ജയചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ ഏൽപ്പിച്ചെന്ന് ജയചന്ദ്രൻ പറഞ്ഞു. ചെയ്തത് ശരിയല്ലെന്ന് ജയചന്ദ്രനോട് പറഞ്ഞിരുന്നു.ജയചന്ദ്രന്‍റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല. ഷിജുഖാനെയും വിളിപ്പിച്ചിരുന്നു. കുഞ്ഞിനെ ദത്തെടുത്തത് നിയമപരമായ എല്ലാ വ്യവസ്ഥയും പൂർത്തിയാക്കിയാണെന്ന് ഷിജുഖാൻ പറഞ്ഞു. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാനുള്ള പിന്തുണ പാർട്ടി നൽകുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
"അജിത്ത് വിവാഹം കഴിച്ച പെൺകുട്ടിയും പാർട്ടി അനുഭാവിയാണ്. ആദ്യ വിവാഹവും പ്രണയിച്ചായിരുന്നു. അജിത്ത് ഇതുവരെ തന്നെ വന്നു കണ്ടിട്ടില്ല. അജിത്തുമായി ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന വാർത്ത ശരിയല്ല. അജിത്തിന്‍റെ അച്ഛനുമായാണ് സംസാരിച്ചത്. അദ്ദേഹവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്. ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് ശരിയായ നടപടി അല്ല. അത് പറഞ്ഞു വിലക്കണം എന്ന് അജിത്തിന്‍റെ പിതാവിനോട് ആവശ്യപ്പെട്ടു. ആദ്യഭാര്യയെ ഉപേക്ഷിച്ച അജിത്തിന്‍റെ നടപടി അംഗീകരിക്കാനാവില്ല. അജിത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും സംസാരിക്കുന്നില്ല."- അദ്ദേഹം പറഞ്ഞു.
പോലീസിന്‍റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്നറിയില്ലെന്നും കൃത്യതയോടെ പോലീസ് കാര്യങ്ങൾ കൈകാര്യം ചെയ്യണമായിരുന്നെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.