അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിവാദം; വത്തിക്കാൻ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു
|വത്തിക്കാൻ ഉത്തരവിനെതിരെ വൈദികർ റിവ്യൂ ഹരജി നൽകിയ സാഹചര്യത്തിലാണ് നടപടി.
എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന വത്തിക്കാൻ ഉത്തരവ് നടപ്പിലാക്കുന്നത് താത്കാലികമായി മരവിപ്പിച്ചതായി ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു. വത്തിക്കാൻ ഉത്തരവിനെതിരെ വൈദികർ റിവ്യൂ ഹരജി നൽകിയ സാഹചര്യത്തിലാണ് നടപടി. വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിനാണ് വൈദികര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വിവാദ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താൻ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വിൽക്കാമെന്നായിരുന്നു വത്തിക്കാൻ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ്. അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിർത്താൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് വൈദികർ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്.
കാനോനിക നിയമങ്ങൾ റദ്ദ് ചെയ്യാൻ മാർപ്പാപ്പയ്ക്ക് മാത്രമാണ് അധികാരം. സഭയുടെ കീഴിലെ വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നത് അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥ അനുശാസിക്കുന്ന വിധമാകണമെന്നാണ് കാനോനിക നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വത്തിക്കാന്റെ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് വൈദികരുടെ ആവശ്യം. അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഏറ്റെടുക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.