അങ്കമാലിയിൽ വീടിന് തീപിടിച്ചു; മാതാപിതാക്കൾക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
|പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്
കൊച്ചി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്(45), ഭാര്യ അനു(40), രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകൾനിലയിലാണ് തീ പടർന്നത്.
കുടുംബം ഉറങ്ങുകയായിരുന്നതിനാൽ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
വീടിന്റെ താഴത്തെ നിലയിൽ ബിനീഷിന്റെ അമ്മയാണുണ്ടായിരുന്നത്. ഇവർ പുലർച്ചെ പ്രാർഥനയ്ക്കായി എണീറ്റപ്പോൾ തന്നെ മുകളിൽ തീ പടരുന്നത് കണ്ടിരുന്നു. തുടർന്ന് ഇവർ നിലവിളിച്ചെങ്കിലും പുലർച്ചെയായതിനാൽ പരിസരത്തൊന്നും അധികം ആളുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിൽ സഹായത്തിന് നിൽക്കുന്ന യുവാവിനെ വിളിച്ച് ഇരുവരും ചേർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും മുകൾ നിലയിൽ മുഴുവൻ തീ പടർന്നിരുന്നു.
വീട്ടിൽ തീ പടരുന്നത് കണ്ട പത്ര ഏജന്റാണ് പിന്നീട് സമീപവാസികളെ വിവരമറിയിക്കുന്നത്. ഇവരിലൊരാൾ വീടിന് പിന്നിലൂടെ മുകൾ നിലയിലെത്തിയെങ്കിലും തീ ആളിപ്പടരുന്ന നിലയിലായിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. മുകൾ നിലയിലെ തുറന്നിട്ട ജനാലയിലൂടെ മുറിക്കകം നിറഞ്ഞ തീയും പുകയും മാത്രമാണ് കാണാനായത്. സ്ഥലത്ത് പിന്നീട് പൊലീസും ഫയർഫോഴ്സുമെത്തി തീ അണയ്ക്കുകയായിരുന്നു. നിലവിൽ തീ പൂർണമായും കെടുത്തിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ പുറത്തെടുത്തിട്ടില്ല.