Kerala
Kb Ganesh kumar
Kerala

'ഏത് സമയത്തും ഇനിയും മണ്ണിടിച്ചിലുണ്ടാകാം, ഒരു അറിയിപ്പും കേരളത്തിന് നൽകിയില്ല'- കർണാടക സർക്കാറിനെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാർ

Web Desk
|
19 July 2024 9:03 AM GMT

വലിയ മഴ പെയ്തിട്ടും കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ ആരോപിച്ചു

കർണാടക അങ്കോലയിലെ അപകടത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. വലിയ മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. ഏത് സമയത്തും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാം. ലോറിയുടെ നമ്പർ ലഭ്യമായിട്ടില്ല. വലിയ മഴ പെയ്തിട്ടും കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. തിരച്ചിൽ ഊർജിതമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കനത്ത മഴ തടസ്സമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിൽ ഇപ്പോഴും കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടക്കാത്തത് സങ്കടകരമാണെന്നാണ് കാണാതായ അർജുന്റെ കുടുംബം പറയുന്നത്. അർജുൻ സുരക്ഷിതമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ഇന്നലെയും ഇന്നും അർജുന്റെ ഫോൺ റിങ് ചെയ്തിരുന്നെന്ന് അർജുന്റെ ഭാര്യ മീഡിയവണ്ണിനോട് പറഞ്ഞു.

എന്നാൽ രക്ഷാപ്രവർത്തനം മന്ദഗതിയിൽ തുടരുന്നതിൽ ആശങ്കയുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അർജുന്റെ സഹോദരി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 11 മണിക്കും ഇന്ന് രാവിലെയും അർജുന്റെ ഫോൺ റിങ് ചെയ്‌തതാണ് കുടുംബത്തിന് പ്രതീക്ഷ നൽകുന്നത്. എന്നാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മണ്ണ് നീക്കൽ മാത്രമാണ് നടക്കുന്നത് എന്നും രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്നും അർജുന്റെ സഹോദരി പറഞ്ഞു.

അപകടം നടന്ന കർണാടകയിലെ ഷിരൂർ ഗോകർണയിൽ അർജുന്റെ ബന്ധുക്കൾ എത്തിയിട്ടുണ്ട്.. പൊലീസിന്റെ ഭാഗത്ത് നിന്നുൾപ്പെടെ അനുകൂലമായ സമീപനം ഇല്ലെന്നാണ് കുടുംബത്തിന് ലഭിക്കുന്ന വിവരം.

Similar Posts