അങ്കോല മണ്ണിടിച്ചിൽ; സ്ത്രീയുടെ മൃതദേഹം ലഭിച്ചു
|ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
അങ്കോല: കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ട്. എന്നാൽ മൃതദേഹം ഇവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു.
അതേസമയം, മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടന്നു. ഏഴുദിവസത്തെ തിരച്ചിലിൽ കരയിൽ ലോറി കണ്ടെത്താൻ സാധിച്ചില്ല. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചിൽ.അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്‍റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയം.
ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചിൽ തുടരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. അതേസമയം, സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്‌തും പരിശോധന തുടരും.