'അനിൽ ആന്റണിയെ പത്തനംതിട്ടക്കാർക്ക് അറിയില്ല, ഇനി പരിചയപ്പെടുത്തി എടുക്കണം'; പി.സി ജോർജ്
|''ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പിണറായി വിജയനും ആഗ്രഹിച്ചു''
പത്തനംതിട്ട: ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി ബി.ജെ.പി നേതാവ് പി.സി ജോർജ്. അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി. അനിൽ ആന്റണി പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞു.
'ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആന്റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്റണി കോൺഗ്രസാണ്. അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..'..പി.സി ജോർജ് പറഞ്ഞു.
'യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം മണ്ഡലത്തില്‍ ഇല്ല. എത്രയോ ആളുകൾ ബി.ജെ.പിയിൽ വന്നു. അവർക്ക് ആർക്കും കിട്ടാത്ത അംഗീകാരവും ആദരവും എനിക്ക് കിട്ടി'... പി സി ജോര്‍ജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് വൈകീട്ടാണ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് പുറമെ തിരുവനന്തപുരത്ത് ആർ.ചന്ദ്രശേഖരനും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കും. കോഴിക്കോട് എം.ടി രമേശും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും.