Kerala
ടി.ജി നന്ദകുമാര്‍

ടി.ജി നന്ദകുമാര്‍

Kerala

'അനിൽ ആന്റണി 25 ലക്ഷവും ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങി'; തെളിവുകൾ പുറത്തുവിട്ട് ടി.ജി നന്ദകുമാർ

Web Desk
|
23 April 2024 7:26 AM GMT

തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് പണം നൽകാമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നതെന്നും ബി.ജെ.പി സ്ഥാനാർഥിക്കു ലഭിക്കേണ്ട ഫണ്ട് കേരളത്തിൽ എത്താത്തതിനാല്‍ അതു വൈകുകയാണെന്നും നന്ദകുമാർ പറഞ്ഞു

ന്യൂഡൽഹി: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് വിവാദ ദല്ലാൾ ടി.ജി നന്ദകുമാർ. കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് അനിൽ തന്‍റെ പക്കല്‍നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ചിത്രങ്ങളും രേഖകളും പുറത്തുവിട്ട നന്ദകുമാർ ബി.ജെ.പി നേതാവും ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ തന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങി മടക്കിത്തന്നില്ലെന്നും ആരോപിച്ചു.

എൻ.ഡി.എയോ ഇൻഡ്യയോ ആര് അധികാരത്തിൽ വന്നാലും ഉന്നയിച്ച ആരോപണങ്ങളിൽ തനിക്കെതിരെ അന്വേഷണം നടക്കും. അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങി. നിയമനം നടക്കാതായതോടെ അഞ്ചു തവണകളായി അതു തിരിച്ചുതരികയും ചെയ്തു. പി.ടി തോമസും പി.ജെ കുര്യനും ഇടപെട്ടാണ് ഈ പണം തിരിച്ചുകിട്ടിയതെന്നു പറഞ്ഞു.

''ജൂൺ നാലിന് ഫലം വന്നതിനു ശേഷം ഇതെല്ലാം അന്വേഷണത്തിനു വിധേയമാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വയം മഹാനായാണ് അനിൽ അവതരിപ്പിക്കുന്നത്. എന്നാൽ, അങ്ങനെയല്ലെന്നും കളങ്കിതനും കച്ചവടക്കാരനും സൂപ്പർ ദല്ലാളുമാണ് അദ്ദേഹമെന്നു തെളിയിക്കാനാണു രേഖകൾ പുറത്തുവിട്ടത്.''

തൃശൂരിൽ ഒരു ഭൂമി നൽകാമെന്നു പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ 10 ലക്ഷം രൂപ മുൻകൂറായി വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് എസ്.ബി.ഐ ശാഖയിൽനിന്നാണ് പണം അയച്ചത്. എന്നാൽ, സ്ഥലം കാണാൻ ചെന്നപ്പോൾ മറ്റു രണ്ടുപേരുമായി ഈ ഭൂമി നൽകാമെന്നു പറഞ്ഞ് ഇടപാട് നടത്തിയതായി വ്യക്തമായി. അതിനുശേഷം പണം തിരിച്ചുചോദിച്ച് പലതവണ അവരെ ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയുമില്ല. ശോഭ നേരിട്ടു വിളിച്ചു ബന്ധപ്പെടുകയായിരുന്നു. അവരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അമ്മയുടെ ജന്മദിനാഘോഷത്തിൽ ശോഭ പങ്കെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് പണം നൽകാമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ബി.ജെ.പി സ്ഥാനാർഥിക്കു ലഭിക്കേണ്ട ഫണ്ട് കേരളത്തിൽ എത്തിയിട്ടില്ല. അതുകൊണ്ടാണു തന്റെ പണം ശോഭയിൽനിന്നു കിട്ടാത്തതെന്നും നന്ദകുമാർ പറഞ്ഞു.

എനിക്കെതിരെ ഏത് അന്വേഷണവും അറസ്റ്റും ഉണ്ടായാലും പേടിയില്ല. ഞാൻ പറഞ്ഞ കാര്യങ്ങളുമായി ഗൗരവത്തോടെ തന്നെ മുന്നോട്ടുപോകും. എന്നെ മാധ്യമങ്ങളിൽ കാട്ടുകള്ളനും വിഗ്രഹമോഷ്ടാവുമാക്കി ചിത്രീകരിച്ചതിനെതിരെ ഞാൻ നോട്ടീസ് അയച്ചിട്ടുണ്ട്. അതിന്റെ തുടർനടപടികളുമായി മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും.

Summary: 'Anil Antony bought 25 lakhs and Sobha Surendran 10 lakhs from me'; TG Nandakumar releases evidences

Similar Posts