കുട്ടിയെ തട്ടികൊണ്ടുപോകാൻ പദ്ധതിയിട്ടത് അനിത കുമാരി?
|കോവിഡ് കാലത്തുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുട്ടിയെ തട്ടികൊണ്ടുപോകുന്നതിലേക്ക് പ്രതികളെ നയിച്ചത്
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത് പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയെന്ന് പൊലീസ്. കോവിഡ് കാലത്തുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുട്ടികളെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാമെന്ന് അനിത കുമാരി പറയുകയും പത്മകുമാറും മകൾ അനുപമയും ഇതിന് പിന്തുണ നൽകുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ മൂവർസംഘം വിവിധ കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടയിൽ പത്മകുമാറിന് പത്തുലക്ഷം രൂപ അത്യാവശ്യമായി കണ്ടെത്തേണ്ടിവന്നു.
ഇതിന് വേണ്ടിയാണ് ഇവർ ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോവുകയും പത്തുലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തത്. പൊലീസ് അന്വേഷണം ശക്തമാക്കുകയും രക്ഷപ്പെടാൻ മറ്റു വഴികളില്ലാത്തതുമാണ് പ്രതികളെ കുട്ടിയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാനാണ് പ്രതികൾ ആശ്രാമം മൈതാനം തെരഞ്ഞെടുത്തത്. ആശ്രാമം മൈതാനം പോലെ വളരെ തിരക്കേറിയ സ്ഥലത്ത് കുട്ടിയെ കൊണ്ടു വിട്ടാൽ മറ്റു പ്രശ്നങ്ങളുണ്ടാകില്ലെന്നും ഇതിന് പകരം ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയെ ഉപേക്ഷിക്കുകയും കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുകയും ചെയ്താൽ തങ്ങൾക്ക് ആ കുറ്റം കുടി ഏൽക്കേണ്ടിവരുമെന്ന നിഗമനത്തിലായിരുന്നു പ്രതികൾ.
ഇതിനെ തുടർന്ന് അനിത കുമാരി കുട്ടിയെയും കൊണ്ട് ഓട്ടോയിൽ ആശ്രാമം മൈതാനത്ത് എത്തി. ശേഷം 'അച്ഛൻ ഇവിടെ വരും.. ഇവിടെ ഇരുന്നാൽ മതി.' എന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ മൈതാനത്തെ ഒരു ബെഞ്ചിൽ ഉപേക്ഷിച്ചു. കുട്ടിയെ ബെഞ്ചിൽ ഇരുത്തിയ ശേഷം കുട്ടിയെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അനിതകുമാരി മൈതാനം വിട്ടത്. ഇതിന് പിന്നാലെ പത്മകുമാർ മറ്റൊരു ഓട്ടോയിൽ ഇവിടെ എത്തുകയും അനിതകുമാരിയെയും പിന്നീട് മകളെയും കൂട്ടി കാറിൽ തെങ്കാശിയിലേക്ക് പോവുകയായിരുന്നു.