അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രോൺ ദൗത്യം ഉടൻ; സിക്കിമിലെ പ്രളയഭൂമിയിൽ പരീക്ഷിച്ച് വിജയിച്ച സംവിധാനം
|ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക
അങ്കോല: കർണാടകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പത്താംദിനം പുരോഗമിക്കുന്നു. ഐബോർഡ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനായി ഡ്രോൺ ബാറ്ററിയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതുവഴി ലോറി കണ്ടെത്താനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തകർ ആരംഭിക്കും.
മനുഷ്യരുടെയും വാഹനങ്ങളുടെ സാന്നിധ്യം ഇതുവഴി കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക. റഡാര്‍ പരിശോധനയില്‍ ട്രക്കിനുള്ളിൽ അർജുൻ ഉണ്ടെന്ന സൂചന ലഭിച്ചാൽ ഇക്കാര്യം പുഴയില്‍ പരിശോധന നടത്തുന്ന നാവിക സംഘത്തെ അറിയിക്കും.
ഐബോർഡ് ഡ്രോൺ റഡാർ സംവിധാനം നേരത്തെ ഉപയോഗിച്ചത് സിക്കിമിലെ പ്രളയ ഭൂമിയിലാണ്. മണ്ണിടയിൽ കുടുങ്ങിക്കിടന്ന മനുഷ്യരെയും വാഹനങ്ങളെയും അന്ന് കണ്ടെത്തിയത് ഈ റഡാർ പരിശോധന വഴിയായിരുന്നു . സിക്കിമിൽ ഉപയോഗിച്ച് വിജയിച്ച സംവിധാനമാണ് അങ്കോലയിലും എത്തിക്കുന്നത്. 36 വാഹനങ്ങളും 16 മൃതദേഹങ്ങളും മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിരുന്നതായാണ് ഡ്രോണിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.
ലോറി പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് എത്തിയിട്ടുണ്ട്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് നാവികസേനാംഗങ്ങൾ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.