'രാഹുലിനെ 'കേരള' കോണ്‍ഗ്രസുകാരനാക്കി'; ഉത്തരവാദി കെ.സി വേണുഗോപാലെന്ന് ആനി രാജ
|വയനാട്ടിൽ മത്സരിക്കുന്നത് ജയിക്കാൻ തന്നെയാണെന്നും ആനി രാജ പറഞ്ഞു.
വയനാട്: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനല്ല ജയിക്കാൻ തന്നെയാണ് വയനാട്ടിൽ മത്സരിക്കുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ. രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ കോണ്‍ഗ്രസ് 'കേരള' കോണ്‍ഗ്രസുകാരനാക്കിയെന്നും ആനി രാജ കുറ്റപ്പെടുത്തി. ഇങ്ങനെയൊരു മത്സരം രാഹുലും കോണ്‍ഗ്രസും ഒഴിവാക്കേണ്ടതായിരുന്നു. ഈ മത്സരത്തിന് ഉത്തരവാദി എ.ഐ.സി.സിയും പ്രത്യേകിച്ച് കെ.സി.വേണുഗോപാലുമാണെന്നും ആനി രാജ പറഞ്ഞു. മീഡിയവൺ ദേശിയപാതയിലായിരുന്നു ആനി രാജയുടെ പ്രതികരണം.
"കേരളത്തിൽ ഇടതുമുന്നണി 20 സീറ്റുകളിലും വളരെ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്. പിന്നീടാണ് രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വരുന്നത്. ഇതിന്റെ പൂർണ ഉത്തരവാദിത്തം എ.ഐ.സി.സിക്കാണ്. പ്രത്യേകിച്ച് കെ.സി.വേണുഗോപാലിനാണ്. രാഹുൽ ഗാന്ധിയും ഒന്ന് ആലോചിക്കേണ്ടതായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് ഈ തെരഞ്ഞെടുപ്പോടെ തീരും. ജനാധിപത്യത്തിൽ ഒരു സീറ്റും ആരുടേയുമല്ല. അത് ജനങ്ങളുടേതാണ്. വയനാട്ടിലേത് സൗഹൃദമത്സരമല്ല. ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത് " ആനി രാജ പറഞ്ഞു.