കാക്കനാട് ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
|നിലവിൽ 13 പേർ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
കാക്കനാട് ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ബിൻസർ സലുവാണ് പിടിയിലായത്. നിലവിൽ 13 പേർ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കണ്ടെയ്നിൽ എത്തുന്ന മയക്കുമരുന്ന് ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. കാക്കനാട് സംഘം എം.ഡി.എം.എ വാങ്ങിയത് ചെന്നൈയിൽ നിന്നായിരുന്നു. ഇതിന് സാമ്പത്തിക സഹായം ചെയ്ത കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലക്കാരായ ചിലരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസിൽ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഇവർ പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഡാലോചനകളിലും ഇവർ പങ്കാളിയായിരുന്നുവെന്നും എക്സൈസ് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറഞ്ഞിരുന്നു.