പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്
|ഇന്ന് ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്. പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് സൈബർ പൊലീസ് കേസെടുത്തത്. നേരത്തെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തിരുന്നു.
എം.എൽ.എയ്ക്കെതിരെ മൊഴി നൽകരുതെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയിലാണ് കേസ്. ഇന്ന് ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
തന്റെ ഫോണിലേക്ക് വിദേശത്തു നിന്നടക്കമുള്ള ആളുകള്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. എം.എല്‍എയുമായി അടുത്ത ബന്ധമുള്ളൊരു യുവതിയും വിളിച്ച് ഭീഷണിപ്പെടുത്തുകയും മൊഴി കൊടുക്കരുതെന്നടക്കം ആവശ്യപ്പെട്ട് മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ സ്ക്രീന്‍ഷോട്ടും യുവതി പൊലീസിനു കൈമാറി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എയ്ക്കെതിരെ സൈബര്‍ പൊലീസ് മറ്റൊരു എഫ്.ഐ.ആര് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ പരാതിക്കാരിയെ സൈബറിടങ്ങളില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് എല്‍ദോസിനെതിരെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നത്.
അതേസമയം, ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിലിനെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു തെളിവെടുപ്പ്.
ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് എം.എൽ.എയെ കോവളത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുത്തത്. ഇതിന് മുന്നോടിയായി ജനറൽ ആശുപത്രിയിൽ എംഎൽ.എയുടെ ലൈംഗിക ശേഷി പരിശോധിച്ചു. കോവളത്തെ സർക്കാർ ഗസ്റ്റ് ഹൗസിലും തുടർന്ന് വധശ്രമമുണ്ടായെന്ന് പറയുന്ന കോവളം ആത്മഹത്യാ മുനമ്പിലും എൽദോസുമായി പൊലീസ് തെളിവെടുത്തു.
ജൂലൈ മാസം 27ന് തന്നെ പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുള്ള ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ചും തെളിവെടുത്തു. യുവതിയുടെ ആരോപണങ്ങൾക്ക് ബലം നൽകുന്ന സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി എൽദോസ് ജില്ലാ കോടതിയെ സമീപിച്ചു. പീഡനക്കേസിൽ എൽദോസിനുള്ള മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.