കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയി; ഇർഷാദ് വധക്കേസ് മുഖ്യപ്രതിക്കെതിരെ വീണ്ടും കേസ്
|ഭർത്താവ് യു.എ.ഇയിൽ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലാണെന്നും കടുത്ത പീഡനം നേരിടുകയാണെന്നും കൂത്തുപറമ്പ് സ്വദേശിയുടെ ഭാര്യ
പേരാമ്പ്ര: പന്തിരിക്കരയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ വീണ്ടും കേസ്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചാണ് കൊടുവള്ളി സ്വദേശിയായ ഇയാൾക്കെതിരെ പെരുവണ്ണാമുഴി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാണാതായ കൂത്തുപറമ്പ് സ്വദേശിയുടെ ഭാര്യയായ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. തന്റെ ഭർത്താവ് യു.എ.ഇയിൽ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലാണെന്നും കടുത്ത പീഡനം നേരിടുകയാണെന്നും തെളിവുകളടക്കമുള്ള പരാതിയിൽ പറഞ്ഞു.
ഇർഷാദ് വധക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായിരിക്കുകയാണ്. വയനാട് സ്വദേശികളായ ഹിബാസ്, മുബശ്ശിർ എന്നിവരാണ് പിടിയിലായത്. വയനാട്ടിൽ പലയിടങ്ങളിലായി ഇർഷാദിനെ താമസിപ്പിക്കാൻ റൂം എടുത്തത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്.
നിലവിൽ ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം, ഇടനിലക്കാരനെയും തടവിലാക്കിയതായാണ് സൂചന. സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജസീലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇർഷാദ് നാട്ടിലെത്തിയ ശേഷം സ്വർണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിൽ വെയ്ക്കുകയായിരുന്നു. ജസീലിൻറെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇർഷാദിനെ ജൂലൈ 17 നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Another case against Swalih, the main accused in the case of abducting and killing a youth from Pantirikara.