ക്രൈസ്തവവിരുദ്ധ ആക്രമണത്തില് സംഘ്പരിവാർ പേരുപറയാതെ പ്രതികരണം; ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ വിമർശനം
|മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ കർശനനടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിർവഹിക്കാനും ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി ജോസ് കെ. മാണി അറിയിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവസമൂഹത്തിനുനേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ജോസ് കെ. മാണി എംപി. ക്രൈസ്തവ സമൂഹത്തിനുനേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇത്തരം സംഭവങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായും അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. അതേസമയം, ആക്രമണങ്ങൾക്കുനേതൃത്വം നൽകുന്ന സംഘ്പരിവാറിനെക്കുറിച്ച് കുറിപ്പിൽ പരാമർശമൊന്നുമില്ല. ഇതു ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കുറിപ്പിനുതാഴെ വലിയ വിമർശനവും ഉയരുന്നുണ്ട്. അക്രമികളുടെ പേരുപറയാൻ ആരെയാണ് ഭയക്കുന്നതെന്നാണ് കമന്റിൽ പലരും ചോദിക്കുന്നത്.
ആൾക്കൂട്ട ആക്രമണങ്ങളിൽ കുറ്റവാളികളെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയാക്കുന്നതെന്ന് കുറിപ്പിൽ ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളിൽനിന്ന് ഉണ്ടാകാറുള്ളതെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ കർശനനടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിർവഹിക്കാനും ജീവിക്കാനുമുളള സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രൈസ്ത സമൂഹത്തിനുനേരെ സംഘടിത ആക്രമണങ്ങൾ വർധിച്ചുവരുന്നത് അതീവ ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. വിശുദ്ധദിനമായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി രാത്രിയിൽ ഹരിയാനയിലെ അംബാലയിലെ കന്റോൺമെന്റ് ഏരിയയിലെ Redeemer Churchൽ നടന്ന അക്രമത്തിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു.
ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയിൽ ഒരുസംഘം മതതീവ്രമുദ്രാവാക്യം ഉയർത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഗായകസംഘത്തെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്തു. കർണാടകയിലെ മാണ്ഡ്യയിലും അസമിലെ സിൽചാറിലും സമാനമായ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. ബെലഗാവിയിൽ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാൾ പിന്തുടരുന്ന സംഭവവും ഉണ്ടായി.
ഇത്തരത്തിലുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കാറില്ലെന്നതാണ് വീണ്ടും വീണ്ടും ആക്രമങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നത്. പലപ്പോഴും ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളിൽനിന്ന് ഉണ്ടാകുന്നതാണ് മുൻ അനുഭവങ്ങൾ.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ കർശനനടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിർവഹിക്കാനും ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണം. ഈ വിഷയങ്ങൾ എല്ലാം ചുണ്ടിക്കാട്ടി അടിയന്തര ഇടപെടീൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.