Kerala
anti-cola protest committee protested against the handover of Coca-Cola land to the government
Kerala

പ്ലാച്ചിമടയിൽ കൊക്കകോള ഭൂമി സർക്കാരിന് കൈമാറിയതിൽ പ്രതിഷേധവുമായി കോളാവിരുദ്ധ സമരസമിതി

Web Desk
|
19 Jun 2024 12:55 AM GMT

കഴിഞ്ഞ ദിവസമാണ് പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി കൈവശം വെച്ചിരുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറിയത്.

പാലക്കാട്: പ്ലാച്ചിമടയിൽ കൊക്കക്കോള ഭൂമി സർക്കാരിന് കൈമാറിയതിൽ പ്രതിഷേധവുമായി കോളാവിരുദ്ധ സമരസമിതി. നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ ഭൂമി കൈമാറാൻ കൊക്കക്കോളയെ അനുവദിച്ചത് ആദിവാസികളോടുള്ള നീതി നിഷേധമാണെന്ന് ഇവർ പറയുന്നു. സർക്കാറും കോളാകമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും സമരസമിതി അംഗങ്ങൾ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി കൈവശം വെച്ചിരുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറിയത്. എന്നാൽ പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി മൂലം ഉണ്ടായ പ്രശ്‌നങ്ങളിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാരമാകും മുമ്പാണ് ഭൂമി കൈമാറിയത്. ഇതോടെ കോളാവിരുദ്ധ സമരസമിതി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി . വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനും, മറ്റു വഴികളിലൂടെ പ്ലാച്ചിമടയിൽ വീണ്ടും ആധിപത്യം ഉറപ്പിക്കാനുമുള്ള കമ്പനിയുടെ നീക്കമാണ് ഇതെന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു. പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും നേരത്തെ ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല. വിഷയങ്ങളിൽ ഒന്നും തീരുമാനമാകാതെ കൊക്കക്കോളയുടെ ഭൂമി സർക്കാർ ഏറ്റെടുത്തത് എന്ന് സമരസമിതി പറഞ്ഞു.

കോളാകമ്പനി മൂലം 216.26 കോടിയുടെ നഷ്ടമാണ് പ്ലാച്ചിമടയിൽ എൽ.ഡി.എഫ് സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധസമിതി 2011 ൽ തിട്ടപ്പെടുത്തിയത്. ഈ നഷ്ടപരിഹാരം ആനുപാതികമായ വർധനവോടെ കമ്പനിയിൽനിന്ന് ഈടാക്കി നൽകാനാണ് സർക്കാർ തയ്യാറാക്കേണ്ടത് എന്ന് സമരസമിതി ആവശ്യപ്പെടുന്നു. എന്നാൽ കമ്പനിയെ സഹായിക്കും വിധമാണ് സർക്കാരിന്റെ നടപടികൾ. വിഷയത്തിൽ ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനാണ് കോളാവിരുദ്ധ സമരസമിതിയുടെ തീരുമാനം.

Similar Posts