Kerala
കെ- റെയിൽ വിരുദ്ധ സമരം; ജനങ്ങളുടെ വികാരം സർക്കാർ മനസിലാക്കണമെന്ന് ഗവർണർ
Kerala

കെ- റെയിൽ വിരുദ്ധ സമരം; ജനങ്ങളുടെ വികാരം സർക്കാർ മനസിലാക്കണമെന്ന് ഗവർണർ

Web Desk
|
23 March 2022 8:08 AM GMT

ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പദ്ധതികളുമായി മുന്നോട്ട്പോകാൻ. ഇടപെടേണ്ട സമയത്ത് സർക്കാർ ഇടപെടുമെന്നാണ് കരുതുന്നതെന്നും ഗവർണർ വ്യക്തമാക്കി

സംസ്ഥാനത്ത് കെ- റെയില്‍ വിരുദ്ധ സമരം ശക്തമാകവെ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനവികാരം സര്‍ക്കാര്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പദ്ധതികളുമായി മുന്നോട്ട്പോകാന്‍. ഇടപെടേണ്ട സമയത്ത് സര്‍ക്കാര്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കെ- റെയില്‍ കല്ലിടലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. ഇന്ന് മലപ്പുറം തവനൂരിൽ കെ- റെയിൽ കല്ലിടൽ നിർത്തിവെച്ചു. കാർഷിക കോളജ് വളപ്പിലെ കല്ലിടലാണ് നിർത്തിയത്. ചോറ്റാനിക്കരയിലും പ്രതിഷേധം തുടരുകയാണ്. സർവെക്കല്ല് നാട്ടാനുളള ശ്രമം ഡി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിപ്പോവുകയും ചെയ്തു.

കെ- റെയിൽ സർവെക്കെതിരെ പാർലമെന്‍റിന് മുന്നിൽ നാളെ യു.ഡി.എഫ് എം.പിമാർ പ്രതിഷേധിക്കും. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധം. സമരത്തെ തീവ്രവാദികളുടെ സമരമെന്ന് വിശേഷിപ്പിച്ച സി.പി.എം നിലപാട് ബി.ജെ.പിയുടെ അതേ നിലപാടാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആരോപിച്ചു.

അതേസമയം, കെ- റെയിൽ വിരുദ്ധ പ്രചാരണത്തെ പ്രതിരോധിക്കാന്‍ സി.പി.എം നീക്കം ശക്തമാക്കി. ഭൂമി നഷ്ടപ്പെട്ടവരുടെ വീട്ടിൽ നേരിട്ട് പോയി വിശദീകരിക്കാനാണ് സി.പി.എം തീരുമാനം. ഏപ്രിൽ ആദ്യവാരം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മുതിർന്ന നേതാക്കൾ തന്നെ ഇതിനായി രംഗത്തിറങ്ങും.

Similar Posts