പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ
|മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ.
ഇന്ന് രാവിലെ 11.30 ഓടെയാണ് ഐ ജി ലക്ഷ്മൺ കളമശേരി ക്രൈം ഓഫീസിൽ ഹാജരായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി.ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ അമ്പതിനായിരം രൂപയുടെ ബോണ്ടിന്മേൽ ഇദ്ദേഹത്തെ വിട്ടയച്ചു.
കേസിൽ മുഖ്യസൂത്രധാരൻ ഐജി ലക്ഷ്മാണെന്നാണ് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷ്മണ് ഹാജരായിരുന്നില്ല. തുടർന്ന് അദേഹത്തിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ഇന്ന് അന്വേഷണ സംഘത്തിന്ർറെ മുന്നിൽ ഹാജാരാകാമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്തു വിൽപനയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി തുടങ്ങിയവയാണ് ലക്ഷ്മണിനെതിരായ കണ്ടെത്തലുകൾ. പുരവസ്തുക്കൾ വിൽക്കുന്നതിന് ലക്ഷ്മണ് മോൻസൻ മാവുങ്കലിന് ഉപദേശം നൽകിയതിന്റെ രേഖകൾ പരാതിക്കാർ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.