തോമസ് ഐസക് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു - ആന്റോ ആന്റണി
|‘സർക്കാർ, ഭരണഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്’
പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ടി.എം തോമസ് ഐസക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി. ഇത് മുൻ നിർത്തിയാണ് കലക്ടർക്ക് യു.ഡി.എഫ് പരാതി നൽകിയതെന്നും നടപടി പ്രതീക്ഷിക്കുന്നുവെന്നും ആന്റോ ആൻറണി. മീഡിയവൺ ദേശീയ പാതയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് തവണത്തേക്കാൾ വലിയ പിന്തുണയാണ് ഇത്തവണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് വിജയത്തെക്കുറിച്ച് വലിയ ആശങ്കയില്ല. കംഫർട്ടബിളായ വിജയമാണ് പ്രതീക്ഷിക്കുന്നത്. സകല സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമാണ് നടക്കുന്നത്. നിരന്തരമായി അത് ആവർത്തിക്കുന്നു. ഇതിനെതിരെ പഞ്ചായത്തുതലങ്ങളിൽ യു.ഡി.എഫ് സമരം നടത്താനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐസക്കിന്റെ കൈകൾ ശുദ്ധമാണെങ്കിൽ ഇ.ഡി ഉദ്യോഗസ്ഥൻ വിളിച്ചാൽ പോകുന്നതിന് എന്തിനാണ് ഭയപ്പെടുന്നത്. അദ്ദേഹത്തിനൊരു ആത്മവിശ്വാസം ഉണ്ടേൽ ഏത് ഏജൻസി വിളിച്ചാലും പോകാം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പോയല്ലോ. അതിനേക്കാൾ വലുതാണോ തോമസ് ഐസക്. അവർ പോയിട്ട് അവർക്കെതിരെ എന്തെങ്കിലും ചെയ്തോ. അവർ തല ഉയർത്തി നിൽക്കുവാണല്ലോ.
എല്ലാ സർക്കാർ സംവിധാനങ്ങളും ഭരണഘടനാ സംവിധാനങ്ങളും കൈയിൽ വെച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.