ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: തുടർ നടപടികൾക്ക് സ്റ്റേ
|ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്
കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. നാളെ വിചാരണ തുടങ്ങാനിരിക്കെ ഒരു മാസത്തേക്കാണ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്ന ആൻറണി രാജുവിൻറെ ഹരജിയിലാണ് കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ആവശ്യം.
മയക്കുമരുന്ന് കേസിലെ പ്രതിയായ ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ വർഷങ്ങളായി യാതൊരു പുരോഗതിയും ആ ഇല്ല എന്നത് സംബന്ധിച്ച് ഒരു ഹരജി നിലവിൽ ഇതേ ഹൈക്കോടതിയുടെ ഇതേ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈയൊരു സമയത്ത് തന്നെയാണ് മന്ത്രി ഇത്തരത്തിലൊരു ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. മയക്കുമരുന്ന് കേസിൽ വിദേശ പൗരന് വഞ്ചിയൂർ സെഷൻസ് കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വെറുതെ വിട്ടിരുന്നു.
കോടതി ജീവനക്കാരനായ ജോസ്, ആൻറണി രാജു എന്നിവർക്കെതിരെ രണ്ടായിരത്തി ആറ് മാർച്ച് ഇരുപത്തി നാലിന് ഇതിൻറെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എട്ട് വർഷത്തോളം കുറ്റപത്രത്തിൽ നടപടി ഉണ്ടായില്ല. രണ്ടായിരത്തി പതിനാലിലാണ് കേസ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയത്.