ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞാൽ കർശന നടപടിയെന്ന് ആന്‍റണി രാജു
|ഉച്ചയോടെ സർവീസ് സാധാരണ നിലയിൽ ആകുമെന്നാണ് പ്രതീക്ഷ
ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഉച്ചയോടെ സർവീസ് സാധാരണ നിലയിൽ ആകുമെന്നാണ് പ്രതീക്ഷ. കര കയറാൻ പരിശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ ശ്രമിക്കരുത്. എടുത്തു ചാടി സമരം ചെയ്തത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശം നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദേശം.
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. എറണാകുളത്തും പാലക്കാടും കോട്ടയത്തും ഇത് വരെ ഒറ്റ സർവീസ് പോലും നടത്തിയില്ല. ബാക്കി ജില്ലകളിലും നാമമാത്ര സർവീസ് മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.