ആർ.എസ്.എസിനെ പിന്തുണക്കുന്ന പരാമർശം കെ.സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് എ.കെ ആന്റണി
|ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആന്റണി
തിരുവനന്തപുരം: ആർഎസ്എസിനെ പിന്തുണയ്ക്കുന്ന പരാമർശം കെ.സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആന്റണി പറഞ്ഞു.
ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്നായിരുന്നു കെ.സുധാകരന്റെ പ്രസ്താവന. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
''കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ.എസ്.എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ട്. മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്''- ഇങ്ങനെയായിരുന്നു സുധാകരന്റെ വാക്കുകള്‍
'അവിടെ ശാഖ നടത്താൻ സാധിക്കാത്ത ചുറ്റുപാട് ആ പ്രദേശത്ത് ഉണ്ടായപ്പോൾ ആളെ അയച്ച് സംരക്ഷണം കൊടുത്ത ഒരാളാണ് ഞാൻ. ശാഖയോടും, ശാഖയുടെ ലക്ഷ്യത്തോടും, ആര്.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. ഒരു ജനാധിപത്യ അവകാശം നിലനിൽക്കുന്ന സ്ഥലത്ത്, ഒരു മൗലികാവകാശം തകർക്കപ്പെടുന്നത് നോക്കി നിൽക്കുന്നത്, ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് എന്നെ അതിന് പ്രേരിപ്പിച്ചതെന്നും സുധാകരന് പറഞ്ഞിരുന്നു.