അനിലിന് കോൺഗ്രസിൽ സ്ഥാനങ്ങൾ നൽകുന്നതിനെ ആന്റണി എതിർത്തിരുന്നു; ഉത്തരേന്ത്യയിൽ നേതാക്കൾ പാർട്ടി മാറുന്നത് നിത്യസംഭവം: എം.എം ഹസൻ
|അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് ഒരു തരത്തിലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് ഹസൻ പറഞ്ഞു.
തിരുവനന്തപുരം: അനിൽ ആന്റണി പിതാവിനോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഇത് ആന്റണിക്ക് കനത്ത ആഘാതമുണ്ടാക്കി. അനിൽ ബി.ജെ.പിയിൽ ചേർന്നത് ഒരുതരത്തിലും കോൺഗ്രസിനെ ബാധിക്കില്ല. അധികാരമോഹം മൂത്താണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. ഇതുകണ്ട് സി.പി.എം ആഹ്ലാദിക്കേണ്ട. സി.പി.എമ്മിലുള്ള പലർക്കായും ബി.ജെ.പി വല വീശിയിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.
എ.കെ ആന്റണിക്കെതിരെ ഇപ്പോൾ നടക്കുന്ന ഹീനമായ സൈബറാക്രമണമാണ്. അനിലിന് കോൺഗ്രസ് സ്ഥാനമാനങ്ങൾ നൽകുന്നതിനെ ആന്റണി എതിർത്തിരുന്നു. അനിലിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി ആക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കം ആന്റണി പരസ്യമായി എതിർത്തു. അതുകൊണ്ടാണ് ആ നീക്കം നടക്കാതെപോയത്. കെ.പി.സി.സി ഐ.ടി സെൽ കൺവീനർ ആക്കുന്നതിനെയും ആന്റണി എതിർത്തിരുന്നു. ശശി തരൂരാണ് അനിൽ ആന്റണിയെ നിർദേശിച്ചതെന്നും ഹസൻ പറഞ്ഞു.
ഉത്തരേന്ത്യയിൽ നടക്കുന്നത് ആയാറാം ഗയാറാം രാഷ്ട്രീയമാണ്. അധികാരത്തിനുവേണ്ടി നേതാക്കൾ പാർട്ടി മാറുന്നത് നിത്യസംഭവമാണ്. ത്രിപുരയിലെ സി.പി.എം നേതാക്കളും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.