'അവരും മനുഷ്യരാണ്'; ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള അതിക്രമത്തിൽ പ്രതികരിച്ച് കരിക്കിലെ ജോർജ്
|"അവരും മനുഷ്യരാണ്.. അവർ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയുന്നത് നമ്മുടെ കടമയാണ്"
ആരോഗ്യപ്രവർത്തകർക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ കുറിപ്പുമായി കരിക്ക് വെബ് സീരീസിലെ ഫെയിം അനു കെ അനിയൻ. തന്റെ അമ്മ ആരോഗ്യപ്രവർത്തകയാണ് എന്നും അതു പറയുമ്പോൾ അഭിമാനമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇപ്പോൾ അവർക്കെതിരെയുള്ള അതിക്രമ വാർത്തകൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു. അവർ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്നതു പോലെ നമ്മളും അവരുടെ കൂടെയുണ്ട് എന്ന് പറയുന്നത് നമ്മുടെ കടമയാണ്- അനു കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
എന്റെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്. ഒരു ആരോഗ്യപ്രവർത്തകയുടെ മകനാണ് ഞാൻ എന്ന് പറയുമ്പോൾ തന്നെ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്.
ശരിയാണ് നമ്മളെല്ലാവരും വലിയ മാനസിക സംഘർഷങ്ങളിലൂടെ ആണ്. ഈ കോവിഡ് കാലഘട്ടത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.
എന്നാൽ അതിനേക്കാൾ എത്രയോ ഇരട്ടി മാനസികസംഘർഷങ്ങളും ഭീതിയും ഒക്കെ ഉള്ളിലൊതുക്കി, സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് ഡോക്ടർമാരും നഴ്സുമാരും അതുപോലുള്ള എല്ലാ ആരോഗ്യപ്രവർത്തകരും നമ്മൾക്ക് വേണ്ടി ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്..
നമ്മുടെ സൂപ്പർ ഹീറോസ്, മാലാഖമാർ എന്ന് ബഹുമതികൾ ഒക്കെ കൊടുത്ത പോസ്റ്റുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും ഒക്കെ അവരെ വാഴ്ത്തപ്പെടുമ്പോൾ, ഒരു ചെറുപുഞ്ചിരിയോടെ അവർ മനസ്സിൽ പറയുന്നുണ്ടാവും.
" യാതൊരു സൂപ്പർപവറുകളോ , അമാനുഷികതയോ മാജിക്കോ ഒന്നുമില്ലാത്ത വെറും സാധാരണ മനുഷ്യർ തന്നെയാണ് ഞങ്ങളും. അറിയുന്ന ജോലി ലഭ്യമായ ചികിത്സസംവിധാനങ്ങളുടെ ഒക്കെ സഹായത്തോടുകൂടി ആത്മാർത്ഥമായി ചെയ്യുന്നു എന്ന് മാത്രം.. "
എന്നാലിപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന കുറച്ച് വാർത്തകൾ വളരെയധികം വിഷമം തോന്നിപ്പിക്കുന്നു.
പലയിടങ്ങളിലും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓക്സിജന്റെ ലഭ്യത കുറവിനെ ചൊല്ലിയും,കോവിഡ്മൂലം ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന രോഷത്തിലും ആളുകൾ ആരോഗ്യപ്രവർത്തകരെ മൃഗീയമായി തല്ലി ചതക്കുന്നു..
മനുഷ്യരുടെ ജീവൻ നിലനിർത്താൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരുടെ ജീവന് ഒരു വിലയും സുരക്ഷയും ഇല്ലാത്ത സ്ഥിതി.
ഒരു ഹോസ്പിറ്റലിൽ മതിയായ ഓക്സിജൻ ലഭ്യതയോ, വെന്റിലേറ്റർ സംവിധാനങ്ങളോ ഇല്ലയെങ്കിൽ അത്യാസന്ന നിലയിൽ കൊണ്ടുവരുന്ന ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞുഎന്ന് വരില്ല.. അതിന്റെ ഉത്തരവാദിത്വം ഒരിക്കലും ആരോഗ്യപ്രവർത്തകർക്കല്ല, വേണ്ടത്ര ചികിത്സാ സംവിധാനങ്ങൾ ഒരുക്കാത്ത ബന്ധപ്പെട്ട അധികാരികൾക്കാണ്.
അതിൽ ഏറ്റവും വലിയ ഉത്തരവാദി നമ്മൾ തന്നെയാണ്, കാരണം നമ്മുടെ അശ്രദ്ധ കൊണ്ട് തന്നെയാണ് ഈ അസുഖം നമ്മളിലേക്കും നമ്മുടെ ഉറ്റവരിലേക്കും ഒക്കെ എത്തിയത്, ഈ രോഗം ഇത്രയും വലുതായി വ്യാപിച്ചതും ആ അശ്രദ്ധകൊണ്ട് തന്നെയാണ്.
ഓരോ ദിവസത്തെയും കോവിഡ് രോഗികളുടെ കണക്കുകളിലും നല്ലൊരു ശതമാനം ആരോഗ്യപ്രവർത്തകരും ഉണ്ട് എന്ന് നമ്മൾ ഓർത്താൽ നല്ലത്.
അവരും മനുഷ്യരാണ്.. അവർ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയുന്നത് നമ്മുടെ കടമയാണ്. അവർക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ ഉണ്ടാകാൻ ഒരിക്കലും ഇടയാക്കരുത്.
" അവരുടെ സംരക്ഷണവും സുരക്ഷിതത്വവും നമ്മളുടെകൂടെ ആവശ്യകതയാണ്.. ആരോഗ്യപ്രവർത്തകരുടെ മാനസിക സമ്മർദ്ദങ്ങൾ കുറക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും വേണ്ട കർമ്മ പദ്ധതികൾ വളരെ അനിവാര്യമാണ്... "
കർഷകർക്കും ലക്ഷദ്വീപിനും ഒക്കെ ഒപ്പം നിന്ന നമ്മൾ ആരോഗ്യപ്രവർത്തകർക്കും ഒപ്പം ഉണ്ടാകണം...