ദത്ത് വിവാദം; അനുപമയുടെ അച്ഛനെതിരായി നടപടിയെടുക്കാൻ സി.പി.എം
|അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ശിശുവികസന ഡയറക്ടര്‍ ഇന്ന് വിവരങ്ങള്‍ ശേഖരിക്കും
ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയുള്ള പാർട്ടി നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റിയും അതിനുശേഷം ഏരിയാ കമ്മിറ്റിയും ഇന്ന് യോഗം ചേരും. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ് ജയചന്ദ്രൻ. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ കേസിലെ പ്രതികളിൽ അഞ്ചുപേർ സി.പി.എം അംഗങ്ങളാണ്. ഇവർക്കെതിരെയും നടപടിയുണ്ടായേക്കും. ജയചന്ദ്രനെതിരെ നടപടി വേണമെന്ന നിർദേശം സി.പി.എം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം, കുഞ്ഞിനെ തട്ടികൊണ്ട് പോയി ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ശിശുവികസന ഡയറക്ടര്‍ വിവരങ്ങള്‍ ശേഖരിക്കും. ഇന്ന് വൈകുന്നേരം നാലിന് വനിത-ശിശു വികസന ഡയറക്ടറുടെ ഓഫീസിൽ രേഖകളുമായി എത്താനാണ് നിർദേശം. വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് വിവര ശേഖരണം. നവംബര്‍ അഞ്ചിന് നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാന്‍ വനിതാ കമ്മീഷനും അനുപമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.