ആണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതി പെണ്ണാക്കി, മലാലയെന്ന് പേരിട്ടു; പെണ്‍കരുത്തിന്റെ പ്രതീകമെന്ന് പത്രക്കുറിപ്പും
|ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും സി.പി.എം നേതാവുമായ ഷിജൂഖാൻ പുറത്തിറക്കിയ പത്രക്കുറിപ്പ് വിവാദത്തിൽ
എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുട്ടിയായി രേഖപ്പെടുത്തി ശിശുക്ഷേമ സമിതി നടത്തിയത് വന്‍ തട്ടിപ്പ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും സി.പി.എം നേതാവുമായ ഷിജൂഖാന് ജെ.എസ് പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഇപ്പോള്‍ വിവാദമാകുന്നത്. കുഞ്ഞിന് മലാല എന്ന് പേരിട്ട്, അമ്മത്തൊട്ടിലില്‍ വീണ്ടും പെണ്‍കരുത്ത് എന്ന തലക്കെട്ടോടുകൂടിയായിരുന്നു പത്രക്കുറിപ്പ്.
'പിറന്നപ്പോഴേ ഉപേക്ഷിക്കപ്പെട്ട പൈതലിനെ സ്നേഹവായ്പ്പോടെ സ്വീകരിച്ച് വീണ്ടും ശിശുക്ഷേമ സമിതി. മാതൃതുല്യ ഹൃദയത്താല്‍ പരിപാലിക്കുന്ന അമ്മത്തൊട്ടില്‍ എന്ന പേറ്റുനോവറിയാത്ത അമ്മയുടെ മടിത്തട്ടിലേക്ക് കോവിഡ് കാലത്ത് ഒരു പെണ്കരുത്തു കൂടി' എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. അക്ഷരങ്ങളുടെയും വിജ്ഞാനത്തിന്റേയും പ്രാധാന്യം വിളിച്ചോതിയും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചും കുഞ്ഞിനു മലാല എന്നു പേരിട്ടതായും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
2020 ഒക്ടോബർ 22നാണ് അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറിയത്. എന്നാല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും സ്വാധീനിച്ച് കുട്ടി പെണ്ണാണെന്ന് രേഖപ്പെടുത്തുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോര്‍ട്ടില്‍ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായി ഷിജൂഖാന് അറിയിച്ചു. കുട്ടിയെ തേടി അനുപമയെത്തിയാല് സത്യം മറച്ചുവെക്കാനായിരുന്നു ഈ നാടകമെന്നാണ് ആക്ഷേപം.
അതിനിടെ, ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടപ്പോള്‍ അബദ്ധം പറ്റിയെന്ന് കാണിച്ച് കുട്ടിക്ക് 'എഡ്സൺ പെലെ' എന്ന് പേരിട്ടതായി പിറ്റേന്ന് വീണ്ടും പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, ഒക്ടോബർ 23ന് വൈകീട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുട്ടിക്കായിരുന്നു പെലെ എന്ന് പേര് നല്‍കിയത്. അനുപമ ജന്മം നല്കിയ കുഞ്ഞിനായിരുന്നില്ല.
അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്തത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. പക്ഷെ, ഈ വിവരം രഹസ്യമാക്കിവെച്ചു. അനുപമയും അജിത്തും ഡി.എന്‍.എ ഫലം ആവശ്യപ്പെട്ടപ്പോള്‍ പെലെയുടെ ഡി.എൻ.എ പരിശോധനാ ഫലം കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.