ഷിജുഖാനെ പുറത്താക്കി ക്രിമിനൽ കേസ് എടുക്കണമെന്ന് അനുപമ
|ഗുരുതരമായ തെറ്റുകൾ നടത്തിയിട്ടും ഷിജുഖാനെ സി പി എമ്മും സർക്കാരും ബോധപൂർവ്വം സംരക്ഷിക്കുകയാണെന്ന് അനുപമ
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കി ക്രിമിനൽ കേസ് എടുക്കണമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. അമ്മയായ തന്നെയും, കുഞ്ഞിനെ ദത്തെടുത്ത അന്ധ്രാപ്രദേശിലെ സാധാരണ കുടുംബത്തെയുമാണ് ഷിജുഖാൻ തന്റെ പദവി ദുരുപയോഗം ചെയ്ത് ധർമ്മ സങ്കടത്തിലാക്കിയത്. ആ ദമ്പതികളുടെ വിഷമത്തിൽ തനിക്ക് അതിയായ ദുഖമുണ്ടെന്നും അമ്മയായ തന്നെ പോലെ അവരേയും ശിശുക്ഷേമ സമിതി അധികൃതർ വഞ്ചിച്ചുവെന്നും അനുപമ പറഞ്ഞു.
തന്റെ കുഞ്ഞിന്റെ വിഷയത്തില്‍ നടന്നത് ദത്തല്ല, കുട്ടിക്കടത്താണ്. വിഷയത്തില്‍ .ശിശുക്ഷേമ സമിതിയിൽ തന്റെ കുട്ടിയെ ലഭിച്ചത് മുതൽ ഷിജുഖാനെ അവിടത്തെ സൂപ്രണ്ട് ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചു. അങ്ങനെയാണ് കൈമാറിയ കുട്ടിയെ അമ്മത്തൊട്ടിലിൽ ലഭിച്ചുവെന്ന് പറഞ്ഞതും ആൺകുട്ടിയെ പെൺകുട്ടിയാക്കിയതും. ഈ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം. അനുപമ കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ തെറ്റുകൾ നടത്തിയിട്ടും ഷിജുഖാനെ സി പി എമ്മും സർക്കാരും ബോധപൂർവ്വം സംരക്ഷിക്കുകയാണെന്നും കുട്ടി കടത്തിന് ചൈല്‍ഡ് വെൽഫയർ കമ്മറ്റിയെ ഷിജൂഖാൻ മറയായി ഉപയോഗിച്ചുവെന്നും അനുപമ പറഞ്ഞു. തന്റെ കുട്ടിയെ തിരികെ ലഭിച്ചാലും തെറ്റ് ചെയ്തവർക്കെതിരെ ക്രിമിനിൽ കുറ്റം ചുമത്താതെ സമരത്തിൽ നിന്ന് പിൻമാറില്ല എന്ന് അനുപമ അറിയിച്ചു.
ദത്ത് കേസിൽ ആന്ധ്രാ ദമ്പതികള്‍ കൈമാറിയ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഇന്ന് തിരുവനന്തപുരത്തെത്തിക്കും .ഡിഎൻഎ പരിശോധന നടത്തി നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം.അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് നേരത്തെ ശിശുസംരക്ഷണ വകുപ്പ് ഉത്തരവിട്ടിരുന്നു .