കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം; പുതിയ സമര മാര്‍ഗം സ്വീകരിക്കുമെന്ന് അനുപമ
|ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം അനുപമ അവസാനിപ്പിച്ചു.
തിരുവനന്തപുരം ദത്ത് കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് അനുപമ. പുതിയ സമര മാർഗം സ്വീകരിക്കും. കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് കുട്ടിക്കടത്തിന് കൂട്ടുനിന്നതെന്നും അനുപമ പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലാണ് അനുപമയുടെ പ്രതികരണം. ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം അനുപമ അവസാനിപ്പിച്ചു.
ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സ്വന്തം കുഞ്ഞിനെ അനുപമയ്ക്ക് ലഭിച്ചത്. 29ആം തിയ്യതി പരിഗണിക്കാനിരുന്ന കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാവിലെ സിഡബ്ല്യുസി കോടതിയില്‍ അപേക്ഷ നല്‍കി. കുഞ്ഞ് അനുപമയുടേതെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാഫലവും സിഡബ്ല്യുസി സമര്‍പ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേസ് പരിഗണിച്ച തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ബിജു മേനോന്‍ കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ദത്ത് നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജിയുമായി അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയിലെത്തിയിരുന്നു. പിന്നാലെ കുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ ഡോക്ടറെയും കോടതി വിളിച്ചുവരുത്തി. അനുപമയുടെ തിരിച്ചറിയല്‍ രേഖകളടക്കം പരിശോധിച്ച ശേഷം കുഞ്ഞിനെ കൈമാറാന്‍ ജഡ്ജിയുടെ ഉത്തരവ്.
യഥാര്‍ഥ അമ്മ തന്നെ കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ മുന്നോട്ട് വന്നതിനാല്‍ ദത്ത് നടപടികള്‍ റദ്ദാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അനുപമ ഉന്നയിച്ച ആരോപണങ്ങള്‍ ഈ വേളയില്‍ പരിഗണിക്കുന്നില്ല. ശിശുക്ഷേമ സമിതി ഹാജരാക്കിയ ദത്ത് ലൈസന്‍സ് കാലാവധി 2019 മാര്‍ച്ച് 12 മുതല്‍ 2024 മാര്‍ച്ച് 11 വരെയുണ്ട്. ഈ സാഹചര്യത്തില്‍ ലൈസന്‍സിനെ ചൊല്ലി നിലവില്‍ തര്‍ക്കമില്ലെന്നും കോടതി നിരീക്ഷിച്ചു.