Women
സൌന്ദര്യ വര്‍ധക ലേപനങ്ങള്‍ ഉപയോഗിച്ചാല്‍ സൌന്ദര്യം കൂടില്ല; നാച്ചുറല്‍ കോസ്മെറ്റിക്സ് രംഗത്തെ മലയാളി സാന്നിധ്യം അനു കണ്ണനുണ്ണി
Women

സൌന്ദര്യ വര്‍ധക ലേപനങ്ങള്‍ ഉപയോഗിച്ചാല്‍ സൌന്ദര്യം കൂടില്ല; നാച്ചുറല്‍ കോസ്മെറ്റിക്സ് രംഗത്തെ മലയാളി സാന്നിധ്യം അനു കണ്ണനുണ്ണി

ജെയ്സി തോമസ്
|
13 July 2021 6:56 AM GMT

ഓരോരുത്തര്‍ക്കും അവരുടെതായ സൗന്ദര്യമുണ്ട്. ഒരു ക്രീം പുരട്ടിയതുകൊണ്ട് അതങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിപ്പിക്കില്ല

''ഓരോരുത്തര്‍ക്കും അവരുടെതായ സൗന്ദര്യമുണ്ട്. ഒരു ക്രീം പുരട്ടിയതുകൊണ്ട് അതങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിപ്പിക്കില്ല. ചര്‍മ്മത്തിന്‍റെ നിറമോ മുടിയുടെ നീളമോ ഒന്നും ഒരിക്കലും സൗന്ദര്യത്തിന്‍റെ അളവുകോലല്ല'' പറയുന്നത് ചുരുങ്ങിയ നാളുകള്‍ കൊണ്ട് നാച്ചുറല്‍ കോസ്മെറ്റിക്സ് രംഗത്ത് വിജയക്കൊടി നാട്ടിയ അനൂസ് ഹെര്‍ബ്സിന്‍റെ എം.ഡി അനു കണ്ണനുണ്ണിയാണ്. സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റുപോകാന്‍ ഇല്ലാത്ത വാഗ്ദാനങ്ങളുമായി കമ്പനികള്‍ മത്സരിക്കുമ്പോള്‍ ഒരു ബ്യൂട്ടി പ്രോഡക്ടിന്‍റെ എം.ഡിക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കുന്നെന്ന് അതിശയിക്കേണ്ട. കാരണം അനൂസ് ഹെര്‍ബ്സിന്‍റെ ഉല്‍പന്നങ്ങള്‍ ഒരിക്കലും അനു പറയുന്നതു പോലെ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ അല്ല ഉള്ള സൗന്ദര്യത്തെ സംരക്ഷിക്കുന്നവയാണ്. ആകാശവാണിയില്‍ അനൌണ്‍സറായിരുന്ന അനുവും ഭര്‍ത്താവ് കണ്ണനുണ്ണിയും ചേര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറി യൂണിറ്റില്‍ തുടങ്ങിയ അനൂസ് ഹെര്‍ബ്സ് അറിയപ്പെടുന്ന ബിസിനസ് ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.

അനൂസ് ഹെര്‍ബ്സിന്‍റെ തുടക്കം

2018ല്‍ ചേര്‍ത്തല വളവനാട്ടെ വീടിനോട് ചേര്‍ന്നുള്ള ചെറിയൊരു മുറിയിലാണ് അനൂസ് ഹെര്‍ബ്സ് തുടങ്ങുന്നത്. ആന്‍റി പിഗ്മെന്‍റേഷന്‍ പാക്കിലൂടെയായിരുന്നു ആദ്യം ഉപഭോക്താക്കളിലേക്ക് എത്തിയത്. ശരിക്കും അവിടെ നിന്നായിരുന്നു അനൂസ് ഹെര്‍ബ്സിന്‍റെ ജൈത്രയാത്ര തുടങ്ങിയത് എന്നു വേണ് പറയാന്‍. ഇപ്പോള്‍ അനൂസ് ഹെര്‍ബ്സിന്‍റെ പതിനാറോളം ഉല്‍പന്നങ്ങളുണ്ട്. വീട്ടിലെ യൂണിറ്റില്‍ നിന്നും 1400 ചതുരശ്ര അടിയുള്ള ഒരു കെട്ടിടത്തിലേക്ക് പിന്നീട് മാറി. ഒരു ഡോക്ടറും നാല് ജീവനക്കാരും അനൂസ് ഹെര്‍ബ്സിനൊപ്പമുണ്ട്.

ആന്‍റി പിഗ്മെന്റേഷൻ ഫേസ് പാക്ക്, ആന്‍റി ഏജിങ് മാസ്ക്,റെഡ് ഒനിയൻ ഷാംപൂ ,ലിപ് ബാം , കുപ്പൈമേനി സോപ്പ് ,ബേബി ബാറ്റിങ് പൗഡർ ,കിഡ്സ് ഹെയർ വാഷിംഗ് പൗഡർ ,ഹെയർ വോളമനൈസിംഗ് പാക്ക്,കാരറ്റ് ബോഡി ലോഷൻ, ഹാൻഡ് ആൻഡ് ഫൂട്ട് സ്‌ക്രബ് ,ഗ്രീൻ ടീ ക്രാക്ക് ക്രീം..തുടങ്ങിയവ അനൂസ് ഹെര്‍ബ്സിന്‍റെ ഉല്‍പന്നങ്ങളില്‍ ചിലതാണ്. ബിസിനസ് പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ്. ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കും. പ്രിസര്‍വേറ്റീവ്സ് ഒന്നും ചേര്‍ക്കാത്തതുകൊണ്ടു തന്നെ ഒരു വര്‍ഷത്തില്‍ താഴെയാണ് അനൂസ് ഹെര്‍ബ്സിന്‍റെ ഉല്‍പന്നങ്ങളുടെ കാലാവധി.

വാഗ്ദാനങ്ങളില്ല, വിശ്വസിക്കാം

നന്‍മയുള്ള കുറച്ച് ഉല്‍പന്നങ്ങളായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് അനൂസ് ഹെര്‍ബ്സ് തുടങ്ങുന്നത്. തുടങ്ങിയ സമയത്ത് ഇത്രയും വിപുലമാകും എന്ന് വിചാരിച്ചിരുന്നില്ല. ഒരു പ്രോഡ്കടിന് പകരക്കാരനാകണം ഒന്നാം സ്ഥാനത്തെത്തണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. നൂറുകണക്കിന് ബ്യൂട്ടി പ്രോഡക്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ നമ്മുടെ ആന്തരികമായ ആരോഗ്യത്തെ പോലും ബാധിക്കുന്ന ഉല്‍പന്നങ്ങളാണ് പലരും ഉപയോഗിക്കുന്നത്. അങ്ങിനെ ഉപയോഗിക്കുന്നതിന് പകരം ഉപയോഗിക്കുന്ന അത്രയും നാള്‍ ചര്‍മ്മത്തിനോ മുടിക്കോ കേടുപാടൊന്നും വരാതെയുള്ള ഉല്‍പന്നങ്ങളായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു.

സൗന്ദര്യ വര്‍ധകം എന്ന് ഞങ്ങളുടെ ഒരു ഉല്‍പന്നത്തെയും വിശേഷിപ്പിക്കാറില്ല. നമ്മുക്ക് ഈശ്വരന്‍ തന്ന സൌന്ദര്യത്തെ ഒരിക്കലും വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. കോസ്മെറ്റിക്സ് സര്‍ജറിയിലൂടെ വേണമെങ്കില്‍ കൃത്രിമ സൌന്ദര്യം ഉണ്ടാക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ ലേപനങ്ങളിലൂടെ അതൊരിക്കലും സാധ്യമാകില്ല. അവിടെ നിന്നാണ് ഉള്ള സൌന്ദര്യത്തെ നഷ്ടപ്പെടാതെ കുറച്ചു ഉല്‍പന്നങ്ങള്‍ ചെയ്താലെന്താണ് എന്ന ചിന്തയില്‍ നിന്നാണ് അനൂസ് ഹെര്‍ബ്സ് തുടങ്ങുന്നത്. ചര്‍മ്മത്തിന്‍റെ തിളക്കമാകാം, നിറമാകാം, വെയിലേറ്റതു മൂലമുള്ള കരിവാളിപ്പാകാം ..ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ആദ്യത്തെ ഉല്‍പന്നമായ ആന്‍റി പിഗ്മെന്‍റേഷന്‍ പാക്ക്. നിറം വര്‍ധിപ്പിക്കുമെന്ന ഒരു വാഗ്ദാനവും കൊടുത്തില്ല..പക്ഷെ ഗംഭീര വിജയമായിരുന്നു ഈ പാക്ക്. ഒരു സാധാരാണ ബ്യൂട്ടി പ്രോഡക്ട്സ് വാങ്ങുന്ന പോലെയല്ല അനൂസ് ഹെര്‍ബ്സ് ഉല്‍പന്നങ്ങള്‍. ഒരു കസ്റ്റമര്‍ സമീപിച്ചുകഴിഞ്ഞാല്‍ ഉദാഹരണത്തിന് മുഖക്കുരു ഉള്ള പെണ്‍കുട്ടിയാണെങ്കില്‍ മുന്‍പ് മുഖക്കുരു വന്നിട്ടുണ്ടോ, സ്ട്രസ് ഉണ്ടോ അങ്ങനെ ആദ്യം മുതലുള്ള കാര്യങ്ങള്‍ ചോദിച്ചറിയും എന്നിട്ടേ നമ്മുടെ ഉല്‍പന്നങ്ങള്‍ നിര്‍ദേശിക്കൂ.

മന്ത്രവുമില്ല മായവുമില്ല, തികച്ചും പ്രകൃതിദത്തം

പൊതുവെ സുഗന്ധത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ഉപയോഗിക്കുന്ന ക്രീമുകളുടെ കാര്യത്തിലാണെങ്കിലും ഈ സുഗന്ധം ഇഷ്ടപ്പെടുന്നു. എന്നാല്‍ അനൂസ് ഹെര്‍ബ്സിന്‍റെ ഉല്‍പന്നങ്ങളില്‍ നിറത്തിന് വേണ്ടിയോ മണത്തിന് വേണ്ടിയോ ആര്‍ട്ടിഫിഷ്യല്‍ ആയി ഒന്നുംപ്രോഡക്ടുകളില്‍ ചേര്‍ക്കാറില്ല. ചില ഉപഭോക്താക്കള്‍ മണം ഇഷ്ടപ്പെടുന്നില്ല എന്നൊക്കെ പറയാറുണ്ട്. കൃത്രിമ ഗന്ധങ്ങള്‍ ചേര്‍ക്കാത്തതുകൊണ്ടാണിത്. ആര്‍ട്ടിഫിഷ്യലായി നിറവും മണവും ചേര്‍ക്കുന്നത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

വീടിനടുത്ത് നിന്നും കര്‍ഷകരില്‍ നിന്നുമാണ് അനൂസ് ഹെര്‍ബ്സിന് വേണ്ടിയുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്. ലോക്ഡൌണ്‍ കാലത്ത് ഇവ ശേഖരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. പോസ്റ്റല്‍ ഡെലിവറി ആയതുകൊണ്ട് ഡെലിവറിയെ ബാധിച്ചില്ല. ഇപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീണ്ടും നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്.

ആകാശവാണിക്കാലം

2014-2016 കാലഘട്ടത്തിലായിരുന്നു ആകാശവാണിയില്‍ ജോലി ചെയ്തിരുന്നത്. തുടക്കം കണ്ണൂര്‍ എ.ആറിലായിരുന്നു. പിന്നീട് കൊച്ചി എഫ്.എമ്മില്‍. ഭര്‍ത്താവ് കണ്ണനുണ്ണി റെയിന്‍ബോ എഫ്.എമ്മില്‍ ആര്‍.ജെയായിരുന്നു. അവിടെ വച്ചാണ് കാണുന്നതും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. വളരെ നല്ല കാലമായിരുന്നു അത്. ആകാശവാണിയില്‍ ആയിരുന്നപ്പോള്‍ ഒരു പാട് പേരെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ട്. പിന്നീട് ബിസിനസ് തുടങ്ങി വിജയിച്ചപ്പോള്‍ എന്‍റെ ഇന്‍റര്‍വ്യൂ ആകാശവാണിയില്‍ വന്നു. അതൊരു സന്തോഷമുള്ള കാര്യമായിരുന്നു.

Similar Posts