സ്വത്തുക്കളൊക്കെ സുതാര്യം, ആർക്ക് വേണമെങ്കിലും പരിശോധിക്കാം: എ.പി ജയൻ
|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതിക്ക് വിരുദ്ധമായി ചിലതൊക്കെ നടക്കുന്നുണ്ടോ എന്ന സംശയമുണ്ടെന്നും എ.പി ജയൻ
പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളോട് പ്രതികരിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ. സ്വത്തുക്കളൊക്കെ സുതാര്യമാണെന്നും തനിക്കെതിരായ പരാതിയിൽ അസ്വാഭാവികമായി ചില കാര്യങ്ങൾ നടക്കുന്നതായി തോന്നുന്നുണ്ടെന്നും എ.പി ജയൻ മീഡിയവണിനോട് പറഞ്ഞു.
"അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് പറയുന്നതിൽ കഴമ്പില്ല. സ്വത്തുക്കളൊക്കെയും സുതാര്യമാണ്. രാഷ്ട്രീയ ജീവിതം കൊണ്ട് ഇതുവരെ ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരാതികളുയരുമ്പോഴും യാതൊരു ഭയവുമില്ല. ആർക്ക് വേണമെങ്കിലും വീട്ടിൽ വന്ന് പരിശോധിക്കാവുന്നതാണ്. മടിയിൽ കനമില്ലാത്തവന് പേടിക്കേണ്ട കാര്യമില്ലല്ലോ."
"പാർട്ടി നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. അതുകൊണ്ട് തന്നെ പാർട്ടിയാണ് നടപടി സ്വീകരിക്കേണ്ടത്. തനിക്കെതിരായ പരാതിയിൽ ഗൂഢാലോചന നടന്നതായി നിലവിലെ സാഹര്യത്തിൽ സംശയമില്ല. പക്ഷേ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം. ചില അസ്വാഭാവികമായ കാര്യങ്ങൾ നടക്കുന്നതായി തോന്നുന്നുണ്ട്. അത് പിന്നീട് വെളിപ്പെടുത്തും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതിക്ക് വിരുദ്ധമായി ചിലതൊക്കെ നടക്കുന്നുണ്ടോ എന്ന സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊക്കെ പിന്നീട് വെളിപ്പെടുത്തും". എ.പി ജയൻ പറഞ്ഞു.