'ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്': മാലികിനെ പുകഴ്ത്തി എ.പി അബ്ദുല്ലക്കുട്ടി
|മാലിക് സിനിമക്കെതിരെ നേരത്തെ ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തുവന്നിരുന്നു
ഫഹദ് ഫാസില്‍ നായകനായ മാലിക് സിനിമയെ പുകഴ്ത്തി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി. സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ് മാലികെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍റെ പ്രതിഭക്ക് പത്തരമാറ്റിന്‍റെ തിളക്കമുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തിയാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായന്‍റെയും, ഫഹദിന്‍റെയും സംയുക്ത കലയാണ്. ഫഹദ് തന്‍റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാ നടൻ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ചിത്രത്തിൽ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും നിമിഷ മുതൽ തന്‍റെ നാട്ടുകാരനായ അമൽ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് തന്നെയാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മാലിക് സിനിമക്കെതിരെ നേരത്തെ ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി എന്ന ചിത്രമൊക്കെ വെച്ചു നോക്കുമ്പോൾ മാലിക്കിന്‍റെ ആര്‍ട്ട് വര്‍ക്ക് പരമ ദയനീയമാണ് എന്നാണ് സന്ദീപ് പറയുന്നത്. നിമിഷ സജയന്‍റെ അഭിനയത്തെയും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. 'ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു, ഷേർണി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി', സന്ദീപ് വാര്യര്‍ കുറിച്ചു.
എ.പി അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലച്ചിത്രാവിഷ്കാരം. സിനിമ സംവിധാകയന്‍റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്‍റെ പ്രതിഭക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ട്. പക്ഷെ ഫഹദ് ഫാസിലിന്‍റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള് തിരുത്തിപറയണ്ടി വരും. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായന്‍റെയും, ഫഹദിന്‍റെയും സംയുക്ത കലയാണ്. ഫഹദ് തന്‍റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാ നടൻ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്.
ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതൽ എന്‍റെ നാട്ടുകാരൻ അമൽ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരമാരെയെല്ലാം അഭിനന്ദിക്കുന്നു.