പെരിയാറിനു പുറമേ ചിത്രപ്പുഴയിലും മീനുകൾ ചത്തുപൊങ്ങി; ചത്തത് വ്യവസായശാലകൾക്കടുത്ത്
|പെരിയാറിന്റെ പ്രധാന കൈവഴികളിലൊന്നാണ് ചിത്രപ്പുഴ
കൊച്ചി: പെരിയാറിന് പുറമെ എറണാകുളം ചിത്രപ്പുഴയിലും മീനുകൾ ചത്തുപൊങ്ങി. വ്യവസായശാലകൾക്കടുത്തുളള ഭാഗത്താണ് മീനുകൾ ചത്തുപൊങ്ങിയത്. മീനുകൾ ചത്തതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. പെരിയാറിന്റെ പ്രധാന കൈവഴികളിലൊന്നാണ് ചിത്രപ്പുഴ. ചിത്രപ്പുഴയുടെ ഇരുമ്പനം,തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് മീനുകള്‍ ചത്തുപൊന്തിയത്. ഈ ഭാഗങ്ങളില്‍ നിരവധി വ്യവസായ ശാലകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
അതേസമയം,പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന് കണ്ടെത്തൽ. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്.
മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ വകുപ്പിനും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.